'ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ കമ എന്ന് മിണ്ടരുത്'; രാജ്മോഹൻ ഉണ്ണിത്താൻ
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ വീട്ടുപറമ്പില്‍ നിന്നും 'കൂടോത്ര' അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വീഡിയോയില്‍ പ്രതികരിക്കാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ആദ്യം വീഡിയോയുടെ ശ്രോതസ് എന്താണെന്ന് പറയൂവെന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി
''ആരാണ് വിഡിയോ തന്നതെന്ന് പറഞ്ഞാല്‍ സകല കാര്യങ്ങളും വിശദീകരിക്കാം. നിങ്ങള്‍ക്ക് ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ കമ എന്ന് മിണ്ടരുത്'' എന്നായിരുന്നു ഉണ്ണിത്താൻ പറഞ്ഞത്. മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചതോടെ ദേഷ്യപ്പെട്ട് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയി.

കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്ര അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒന്നരവർഷം മുൻപുള്ളതാണ് വീഡിയോ. വീഡിയോയിൽ സുധാകരനൊപ്പം രാജ്മോഹൻ ഉണ്ണിത്താനം ഉണ്ടായിരുന്നു. ഇരുവരുടേയും സാന്നിധ്യത്തിൽ ഒരു മന്ത്രവാദി തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഒരു കിഴിയിൽ തെയ്യത്തിന്റെ രൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്.
കാലിന് പ്രശ്‌നങ്ങളുണ്ടോയെന്ന് മന്ത്രവാദി ചോദിക്കുമ്പോള്‍ ബലക്ഷയമുണ്ടായിരുന്നെന്ന് സുധാകരന്‍ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ നിര്‍ദേശവും നല്‍കുന്നുണ്ട്. വസ്തുക്കള്‍ കണ്ടെടുത്ത കാര്യം സുധാകരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉണ്ണിത്താനോട് ചോദിച്ചാൽ കാര്യങ്ങൾ വിശദമായി അറിയാമെന്നാണ് സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്.












Click it and Unblock the Notifications