ടയര്‍ ഫൈസലിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു; യുവാവിനെതിരേ മയക്കുമരുന്ന് കടത്തും വധശ്രമവുമുള്‍പ്പെടെ 15 ഓളം കേസുകള്‍
കാസര്‍കോട്: കഞ്ചാവ് കടത്തും വധശ്രമവും ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു. സീതാംഗോളിയിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍(32) ആണ് അറസ്റ്റിലായത്. മയക്ക് മരുന്ന് കടത്ത്, കഞ്ചാവ് കടത്ത്, തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി നിരവധി കേസുകള്‍ ഫൈസലിനെതിരെ 15 ഓളം കേസുകള്‍ നിലവിലുണ്ടെന്ന് കുമ്പള എസ്.ഐ. എ സന്തോഷ് കുമാര്‍ പറഞ്ഞു.
ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് കേസുള്ളത്. രണ്ടു മാസം മുമ്പ് ബേക്കൂര്‍ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കാത്തപ്പോള്‍ മര്‍ദ്ദിച്ച ശേഷം മുട്ടം റെയില്‍വെ ഗേറ്റിന് സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ മഞ്ചേശ്വരം പൊലീസ് ഫൈസലിനെ ആലപ്പുഴയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

കാസര്‍കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ചെമ്മനാട് വച്ച് അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഫൈസലിനെ പോലീസ് പിടികൂടിയിരുന്നു. 2014 ല്‍ കോട്ടയത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുമായിരുന്നു.












Click it and Unblock the Notifications