'ആദ്യം കൂലി,പിന്നെ ജോലി'; ലോഡിറക്കാതെ തൊഴിലാളികൾ, 12 ടൺ പുസ്തകവുമായി ലോറി കാത്ത് നിന്ന് ഒന്നര ദിവസം
കാസർഗോഡ്: കൂലി വർധന കിട്ടാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ 'പണിമുടക്കി'യതോടെ ജില്ലാ പാഠപുസ്തക ഡിപ്പോയിലേക്ക് എത്തിയ ലോറി കാത്ത് കിടന്നത് ഒന്നര ദിവസം. എറണാകുളം കാക്കനാട് കേരള ബുക്ക് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയിൽ നിന്നെത്തിയ ലോറിയാണ് കാത്ത് കിടന്നത്. ഒടുവിൽ ഏറെ കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു ലോഡ് ഇറക്കിയത്.

9,10 ക്ലാസുകളിലേക്കുള്ള പുസ്തകമായിരുന്നു എത്തിച്ചിരുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു 12 ടൺ പുസ്തകവുമായി ലോറി എത്തിയയത്. തുടർന്ന് പുസ്തകം ഇറക്കാൻ ഡിപ്പോ അധികൃതരെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇന്നലെയ അധികൃതർ എത്തിയെങ്കിലും തൊഴിലാളികൾ പുസ്തകം ഇറക്കാൻ വിസമ്മതിച്ചു. ജൂലൈയിൽ പാഠപുസ്തകം ഇറക്കിയതിനുള്ള കൂലി വർധന കിട്ടാത്തതിനെ തുടർന്നായിരുന്നു ഇത്.
ജുലൈയിൽ പുസ്തകം ഇറക്കുന്നതിനുള്ള കൂലി നേരത്തേ ലേബർ ഓഫീസർ ഇടപെട്ട് തീരുമാനമായിരുന്നു. 2,3 വാള്യം പുസ്തകം ഇറക്കുന്നതിനു ബണ്ടിൽ ഒന്നിന് ഇറക്കു കൂലി 40 പൈസ വീതവും ഒരു ലോഡിനു 50 രൂപ വീതവും ആയിരുന്നു പറഞ്ഞുറപ്പിച്ചത്. ഇത് പ്രകാരം 4000 രൂപയാണ് കിട്ടാനുള്ളത്.
അതേസമയം തൊഴിലാളികൾ പ്രതിഷേധം തുടർന്നതോടെ അധികൃതർ ഇടപെട്ടു. ഒടുവിൽ കൂടിയാലോചനകൾക്ക് ശേഷം പുസ്തകം ഇറക്കി. മലയാളം പാഠാവലി, ഇംഗ്ലിഷ്, ഉർദു, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യൽ സയൻസ്, കണക്ക് പുസ്തകങ്ങളാണ് എത്തിച്ചത്.വരും ദിവസങ്ങളിലും കൂടുതൽ പുസ്തകം എത്തിയേക്കും. കൂലി പ്രശ്നം തുടർന്നാൽ പുസ്തകം ഇറക്കൽ വീണ്ടും പ്രതിസന്ധിയിലായേക്കും.












Click it and Unblock the Notifications