ജോലി കഴിഞ്ഞ് മടങ്ങവെ തൊട്ട് മുന്നിൽ രണ്ട് പുലി; പേടിച്ച് അലറിക്കരഞ്ഞോടി വീട്ടമ്മ,സംഭവം കാസർഗോഡ്
കാസര്‍ഗോഡ്; പുലിയുടെ മുന്നിൽ നിന്നും തലനാരിഴ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കൊട്ടംകുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി കെ ശാരദ. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേയായിരുന്നു റോഡിലൂടെ രണ്ട് പുലികളെ ശാരദ കണ്ടത്. ഇതോടെ ഭയന്ന് വിറച്ച ശാരദ ജീവനും കൈയ്യിൽ പിടിച്ച് സമീപത്തെ വീട്ടിലേക്ക് അലറിക്കരഞ്ഞ് ഓടുകയായിരുന്നു.
റോഡിലൂടെ നടന്ന് പോകുമ്പോൾ രണ്ട് പുലികൾ ശാരദയുടെ മുന്നിലൂടെ നടന്ന് പോകുകയായിരുന്നു. ഇതിലൊന്ന് ചെറുതാണ്. മറ്റൊന്ന് തന്നെ ഒന്ന് നോക്കിയതിന് ശേഷമാണ് പോയതെന്നും ശാരദ പറയുന്നു. ഇതോടെയാണ് താൻ ജീവനും കൊണ്ടോടിയതെന്നും അവർ വിശദീകരിച്ചു.

അതേസമയം പ്രദേശത്ത് ഉള്ളവർ ഏറെ ആശ്രയിക്കുന്ന പ്രദേശത്ത് തന്നെ പുലിയെ കണ്ടത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. നൂറോളം കുടുംബങ്ങൾ ഉണ്ട് ഈ ഭാഗത്ത്. മിക്കവരും പോകുന്നത് ഈ വഴിയാണ്. സ്കൂൾ കുട്ടികളും ഇതേ വഴിയിലൂടെയാണ് യാത്ര.
മുൻപും ഇവിടെ വെച്ച് പുലിയെ ആളുകൾ കണ്ടിട്ടുണ്ട്. നേരത്തേ ഇരിയണ്ണിയില്‍ ഹോട്ടല്‍ ജീവനക്കാരിക്കു മുന്‍പിലേക്ക് പുലി ചാടി വീണ സംഭവവും ഉണ്ടായിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ കാലിപ്പള്ളത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. ഇവിടെയുള്ള നായിയെ ഇത് ആക്രമിച്ചെന്നാണ് വിവരം. നായയെ ഇപ്പോൾ കാണാനില്ല. ഇവിടെ റോഡില്‍ പുലിയുടെ കാല്‍പാടുകളും നായയെ കടിച്ചുവലിച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications