കാവ്യ മാധവനും വിജയ് ബാബുവും ഒന്നിയ്ക്കുന്നു
അടുത്തിടെ സിപിഎം നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ താരമായി മാറിയ വീട്ടമ്മയാണ് സന്ധ്യ. സന്ധ്യയുടെ പ്രതികരണത്തോടെ ഉപരോധസമരത്തിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രഖ്യാപിച്ച സമരം തീരുമാനിച്ച സമയത്തിന് മുമ്പേ അവസാനിപ്പിക്കാന്‍ സിപിഎമ്മനെ നിര്‍ബ്ബന്ധിതരാക്കിയ ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സന്ധ്യയുടെ പ്രതിഷേധം. പലേടത്തുനിന്നും ഇതിന്റെ പേരില്‍ സന്ധ്യയ്ക്ക് പ്രശംസയും ലഭിച്ചു.
ഒറ്റദിവസം കൊണ്ട് പ്രബുദ്ധകേരളത്തില്‍ താരമായി മാറിയ സന്ധ്യയെന്ന വീട്ടമ്മയുടെ കഥ സിനിമായാകാന്‍ പോവുകയാണ്. കാലികപ്രാധാന്യമുള്ള വിഷയങ്ങളെയും വ്യക്തികളെയും സിനിമയിലേയ്ക്ക് പറിച്ചു നടുകയെന്നത് ഇക്കാലത്ത് പതിവായി മാറിയിട്ടുണ്ട്. ഈ തരംഗത്തിന്റെ ഭാഗമായിത്തന്നെയാണ് സന്ധ്യയെന്ന വീട്ടമ്മയും വെള്ളിത്തിരയിലേയ്‌ക്കെത്തുന്നത്.
രാധാകൃഷ്ണന്‍ മംഗലത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'തന്റേതല്ലാത്ത കാരണത്താല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാവ്യ മാധവനാണ് സന്ധ്യയ്ക്ക് സമാനയായ വീട്ടമ്മയായി അഭിനയിക്കുന്നത്. അഭിനയിക്കുന്നത്. ഒരു വീടമ്മയുടെ പ്രതിഷേധവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന് വിഷയമാകുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് വിജയ് ബാബുവാണ്.
അനുവെന്നാണ് കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്നിലൂടെ ഉയര്‍ന്നുവന്ന ബാലതാരം സനൂപാണ് കാവ്യയുടെ മകന്റെ വേഷത്തില്‍ എത്തുന്നത്. പ്രതാപ് പോത്തന്‍, ബാലചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഇതിന് മുമ്പും സകുടുംബം ശ്യാമള പോലുള്ള ചിത്രങ്ങളില്‍ സ്ത്രീയെയും സമൂഹത്തെയും ബന്ധപ്പെടുത്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത സംവിധായകനാണ് രാധാകൃഷ്ണന്‍ മംഗലത്ത്.
പുളിയൂര്‍ക്കോട് ഫിലിംസിന്റെ ബാനറില്‍ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നറായി തയ്യാറാക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് ജ്യോതി കുമാറാണ്. ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഏപ്രില്‍ 25ന് ഷൂട്ടിങ് തുടങ്ങും. തൊടുപുഴ, പാണ്ടലോഡ്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിങ് നടക്കുക.













Click it and Unblock the Notifications