കൂട്ടായ്മയുടെ കരുത്തില്‍ കേരളം അതിജീവിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവവന്തപുരം: കൂട്ടായ്മയുടെ കരുത്തുകൊണ്ട് കേരളം പ്രളയക്കെടുതിയുടെ ദുരിതങ്ങളെയെല്ലാം നേരിടുമെന്നും പുതിയൊരു കേരളം കെട്ടിപ്പടുക്കുമെന്നും സഹകരണ, ദേവസ്വം, വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയക്കെടുതിയില്‍ വീടുപേക്ഷിച്ച് വെള്ളായണി എം.എന്‍.എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചും സന്തോഷം പകര്‍ന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പിലെ അന്തേവാസികളോട് കുശലം പറഞ്ഞും അവരുടെ വിനോദങ്ങള്‍ ആസ്വദിച്ചും അവരോടൊപ്പം സദ്യയുണ്ടും അന്തേവാസികള്‍ക്ക് അദ്ദേഹം ആശ്വാസം പകര്‍ന്നു.മറക്കാനാവാത്ത ഒരു മഹാദുരന്തമാണ് സംഭവിച്ചത്. നൂറുകണക്കിനു ജീവനുകളും ആയിരക്കണക്കിനു ജനങ്ങളുടെ വീടും സമ്പാദ്യങ്ങളും ഈ പ്രളയം കവര്‍ന്നു. സംസ്ഥാനത്തൊട്ടാകെ പത്തുലക്ഷത്തില്‍ പരം സഹോദരങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.

പട്ടാളക്കാര്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍വരെയും ഐഎഎസുകാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെയുമുള്ളവര്‍ കൈകോര്‍ത്ത് പ്രയത്‌നിച്ചതിനാലാണ് ദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്. ഇനി അതിജീവനത്തിന്റെ കാലമാണ്. തിരുവനന്തപുരം ജില്ലയില്‍ 64 ക്യാംപുകളുണ്ടായിരുന്നു. എന്നാലും ജില്ലയില്‍നിന്ന് മറ്റു ജില്ലകളിലുള്ള ക്യാമ്പുകളിലേക്ക് 500 ലോഡിലേറെ അവശ്യസാധനങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞു. സന്നദ്ധപ്രവര്‍ത്തനത്തില്‍ മുഴുകിയ യുവതീയുവാക്കള്‍ പുലര്‍ച്ചേ മൂന്നും നാലും മണിവരെ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു. ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ഈ വലിയ മനസ്സ് സംസ്ഥാത്തിന് അഭിമാനമാണ്. പരസ്പര സ്‌നേഹവും സാഹോദര്യവും ഉയര്‍ന്നുകണ്ട അനുഭവമായിരുന്നു അതെന്നും മന്ത്രി ഓര്‍മിച്ചു.
29 കുടുംബങ്ങളില്‍ നിന്നുള്ള 82 പേരാണ് ഇപ്പോള്‍ വെള്ളായണിയിലെ ക്യാമ്പിലുള്ളത്. തിരുവോണക്കാലത്ത് വീട്ടില്‍ നിന്ന് പുറത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ടിവന്നത് സങ്കടകരമായിരുന്നെങ്കിലും ഇവിടെ ആ ദുഃഖം അനുഭവപ്പെട്ടില്ലെന്ന് അന്തേവാസികള്‍ പറഞ്ഞു. ക്യാമ്പിലെ അനുഭവങ്ങള്‍ മനസ്സിന് കരുത്ത് പകരുന്നതായിരുന്നു. സന്നദ്ധപ്രവര്‍ത്തകരും ജനപ്രതിനിധികളും എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, വാര്‍ഡ് അംഗം സന്ധ്യ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ക്യാമ്പില്‍ എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications