300 ഇ-ഓട്ടോറിക്ഷകള്‍ക്ക് 1.5 കോടി രൂപ: വൈദ്യുതി മൊബിലിറ്റി പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചു. ഒന്നര കോടി രൂപയാണ് സബ്‌സിഡിയായി നൽകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പിന്റെ ശുപാർശ അംഗീകരിച്ചു. പുതിയ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നൽകുവാൻ ഒന്നര കോടി രുപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ടെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനം നേരിടാൻ ലോകം മുഴുവൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അതിനോട് ചേർന്നു നീങ്ങാനുള്ള ചെറിയൊരു കാൽവയ്പാണിത്. കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർധന മൂലം നട്ടം തിരിയുന്ന സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇതു മൂലം ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇ- വാഹനനയത്തിൽ വാണിജ്യവാഹനങ്ങളിൽ വൈദ്യുതി ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ നിർദേശിച്ചിരുന്നു.

ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 10000 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡി നൽകുവാനാണ് ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർത്തിയാക്കുവാൻ ഒരു നോഡൽ ഓഫീസറെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications