സംസ്ഥാനത്ത് ഇന്നും പനി മരണം; ആകെ പനിബാധിതർ ഒരു ലക്ഷം കവിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ധനുഷ്ക് ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച സംസ്ഥാനത്ത് രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുകയാണ്. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ പനിബാധിതർ ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഇക്കൊല്ലം 34 പേരാണ് മരിച്ചു. എലിപ്പനി ബാധിച്ച് 70 പേരും മരിച്ചു.

അതേസമയം പനി പടരുന്ന സാഹചര്യത്തിൽ പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ ആകാമെന്നതിനാൽ തീവ്രമായതോ നീണ്ട് നിൽക്കുന്നതോ ആയ എല്ലാ പനി ബാധകൾക്കും വൈദ്യ സഹായം തേടണമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറൽപ്പനികളിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാൽ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?
പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേല് വേദന, വയറ് വേദന, കണ്ണിനു പുറകിൽ വേദന, ശരീരത്തിൽ ചുവന്ന നിറത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരിൽ കാണപ്പെടുന്നു. ശക്തമായ വയറ് വേദന, ശ്വാസതടസം, മൂത്രം പോകുന്നതിൽ പെട്ടെന്ന് ഉണ്ടാകുന്ന കുറവ്, അപസ്മാര ലക്ഷണങ്ങൾ, മഞ്ഞപ്പിത്തം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും രക്തസ്രാവം ഉണ്ടാവുക, മലം കറുത്ത നിറത്തിൽ പോവുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ അടിയന്തിരമായി ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ സർക്കാർ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ധാരാളം വെള്ളം കുടിച്ചാൽ ഏറെ ആശ്വാസമാകും
ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ, പഴസത്ത് എന്നിവ നൽകാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പാനീയങ്ങൾ സഹായിക്കും.












Click it and Unblock the Notifications