10 പവൻ സ്വർണം വാങ്ങാം,ഇങ്ങനെ ചെയ്താൽ ലാഭം 1.65 ലക്ഷം രൂപ.. പോക്കറ്റ് കാലിയാകാതെ പർച്ചേസ്
കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 69,960 രൂപയാണ്. അതായത് 70,000ത്തിന് വെറും 40 രൂപയുടെ കുറവ്. ഗ്രാമിന് 8745 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
70,000 തൊടാൻ 40 രൂപ കുറഞ്ഞെന്ന് പറഞ്ഞാലും ഒരു പവൻ സ്വർണം കൈയ്യിൽ കിട്ടണമെങ്കിൽ പണിക്കൂലിയും ജി എസ് ടിയുമെല്ലാം ചേർത്ത് 75,000 കൊടുക്കേണ്ടി വരും. ഇത് സാധാരണ ഡിസൈനുള്ള ആഭരണങ്ങളുടെ പണിക്കൂലി ചേർത്തുള്ള കാര്യമാണ് പറയുന്നത്. നിങ്ങളൊരു വിവാഹ ആവശ്യത്തിന് വേണ്ടിയാണ് ആഭരണം വാങ്ങിക്കാൻ പോകുന്നതെന്ന് ആലോചിച്ച് നോക്കൂ, പണിക്കൂലി കുറഞ്ഞത് 20 ശതമാനമെങ്കിലും വരും. അതായത് പത്ത് പവന് ഒരു ഒന്നരലക്ഷത്തിന് അടുത്ത് പണിക്കൂലിയും ചേർത്ത് 8 ലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വന്നേക്കും. ജി എസ് ടി വേറേയും.

തലയിൽ കൈവെക്കാൻ വരട്ടെ, കൂടിയ ഡിസൈനാണ് നിങ്ങൾ പിടിക്കുന്നതെങ്കിൽ വില ഇവിടേയും നിൽക്കില്ല. 35 ശതമാനം പണിക്കൂലിയെങ്കിലും നൽകേണ്ടി വരും അതായത് പണിക്കൂലിയും നികുതിയുമെല്ലാം ചേർത്ത് ഒരു പത്ത് ലക്ഷത്തിന് അടുത്ത്, ഞെട്ടിയില്ലേ? സ്വാഭാവികം. എന്നുവെച്ച് സ്വർണം വാങ്ങേണ്ടെന്ന് വെക്കാനാകുമോ? തീർച്ചയായും ഇല്ല. സ്വർണപ്രേമികൾക്ക് ദേഹം നിറയെ പൊന്നില്ലാതെ വിവാഹമൊന്നും ആലോചിക്കാനേ കഴിയില്ല. ഇത്രയും ഉയർന്ന് തുകക്ക് എങ്ങനെ വാങ്ങാനാണ് എന്നാണ് ചോദ്യമെങ്കിൽ ഒരു പോംവഴിയുണ്ട്. വാങ്ങൽ രീതിയൊന്ന് മാറ്റി പിടിച്ചാൽ മതി.
സ്വർണാഭരണങ്ങൾ ഉണ്ടാക്കാൻ 22 കാരറ്റ് സ്വർണമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ലാഭമാണ് ലക്ഷ്യമെങ്കിൽ ഇനി മുതൽ 18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുന്നതാണ് ഉചിതം. നിലവിൽ 18 കാരറ്റ് സ്വർണത്തിന് 57240 രൂപയാണ് പവന് വില വരുന്നത്. എങ്ങനെ പോയാലും പണിക്കൂലിയും മൂന്ന് ശതമാനം നികുതിയുമെല്ലാം ചേർത്ത് 10 പവൻ സ്വർണത്തിന് 7,07486 രൂപ കൊടുക്കേണ്ടി വരും. ലാഭം എത്രയെന്നല്ലേ? 1,65000 രൂപയുടെ ലാഭം.
18 കാരറ്റ് സ്വർണമാണെങ്കിലും വൈവിധ്യമാർന്ന ഡിസൈനിൽ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് യുവാക്കൾക്കും ഇഷ്ടം. സ്വർണം അണിയുകയും ചെയ്യാം എന്നാൽ വലിയ ആഢംബരം തോന്നുകയും ഇല്ല. വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യാം. ചെമ്പും കൂടി ചേർത്താണ് ഇവ നിർമ്മിക്കുന്നത്. അതിനാൽ പെട്ടെന്ന് പൊട്ടിപ്പോകുമെന്ന പേടി വേണ്ട. ആവശ്യത്തിന് വിറ്റ് കാശ് ലാഭിക്കുകയും ചെയ്യാം.
സ്വർണ വില വർധിക്കുന്നുവെന്ന് കരുതി സ്വർണം വാങ്ങാതിരിക്കേണ്ടെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഏതുകാലത്തും സുരക്ഷിത നിക്ഷേപം തന്നെയാണ് സ്വർണം. അതേസമയം സ്വർണം ആഭരണമായി തന്നെ വാങ്ങണമെന്ന് വാശിപിടിച്ചാൽ പണിക്കൂലിയും ചേർത്ത് കാശ് നഷ്ടമാകും. അതിനാൽ സ്വർണകട്ടികളോ സ്വർണ നാണയങ്ങൾ ആയി വാങ്ങി വെക്കാം. ഇനി ഇതൊന്നുമല്ലെങ്കിൽ ഡിജിറ്റൽ ഗോൾഡായും സ്വർണത്തിൽ നിക്ഷേപിക്കാം. കളവ് പോകുമെന്നോ നഷ്ടമാകുമെന്നോയുള്ള ആശങ്കയൊന്നും വേണ്ടതാനും. പക്ഷേ വിപണി സാധ്യതകൾ വിശദമായി പഠിച്ചിട്ട് വേണം ഇതിന് ഇറങ്ങുന്നത്.












Click it and Unblock the Notifications