ആ പഴയ 'ബാർ' കാലം ഇങ്ങെത്തി! സംസ്ഥാനത്ത് ഞായറാഴ്ച മുതൽ 100 ബാറുകൾ പ്രവർത്തിക്കും,ഇനിയും അപേക്ഷകൾ...
ജൂലായ് ഒന്നു മുതൽ പുതിയ മദ്യനയം നിലവിൽ വന്നെങ്കിലും ഡ്രൈ ഡേ ആയതിനാൽ ബാറുകൾ തുറന്നിരുന്നില്ല.
തിരുവനന്തപുരം: ജൂലായ് 2 ഞായറാഴ്ച മുതൽ സംസ്ഥാനത്ത് 100 ബാറുകൾ പ്രവർത്തിക്കും. സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് ലഭിച്ച ബാറുകളാണ് വീണ്ടും തുറക്കുന്നത്. ഇതുവരെ പ്രവർത്തിച്ചിരുന്ന 20 ഫൈവ് സ്റ്റാർ ബാറുകൾക്ക് പുറമേ സ്റ്റാർ ഹോട്ടലുകളിലേതുൾപ്പെടെയുള്ള 80 ബാറുകൾ കൂടി ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും.
ജൂലായ് ഒന്നു മുതൽ പുതിയ മദ്യനയം നിലവിൽ വന്നെങ്കിലും ഡ്രൈ ഡേ ആയതിനാൽ ബാറുകൾ തുറന്നിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച 68 ബാറുകൾക്കാണ് പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഇതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം 12 സ്റ്റാർ ഹോട്ടലുകൾക്ക് കൂടി ബാർ ലൈസൻസ് അനുവദിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകൾ പ്രവർത്തിക്കുന്നത്.

ഞായറാഴ്ച മുതൽ....
പുതിയ മദ്യനയം ജൂലായ് ഒന്നു മുതൽ നിലവിൽ വന്നെങ്കിലും ഡ്രൈ ഡേ ആയതിനാൽ ബാറുകൾ തുറന്നിരുന്നില്ല. ജൂലായ് 2 ഞായറാഴ്ച മുതൽ പുതുതായി ലൈസൻസ് ലഭിച്ച എല്ലാ ബാറുകളും തുറന്ന് പ്രവർത്തനമാരംഭിക്കും.

ലൈസൻസ് പുതുക്കി നൽകിയത്...
2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന ത്രീ സ്റ്റാർ പദവിക്ക് മുകളിലുള്ള ഹോട്ടലുകൾക്കാണ് സർക്കാർ ലൈസൻസ് പുതുക്കി നൽകിയിട്ടുള്ളത്. എന്നാൽ ബാറുകൾ ഇല്ലാതായതോടെ ത്രീ സ്റ്റാർ പദവി പുതുക്കാതിരുന്ന ഹോട്ടലുകളും ലൈസൻസ് ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

കൂടുതൽ ബാറുകൾ എറണാകുളത്ത്...
ജൂലായ് 2 മുതൽ സംസ്ഥാനത്ത് കൂടുതൽ പ്രവർത്തിക്കുന്നത് എറണാകുളം ജില്ലയിലാണ്. നിലവിൽ പ്രവർത്തിക്കുന്ന എട്ട് ഫൈവ് സ്റ്റാർ ബാറുകൾക്ക് പുറമേ 21 പുതിയ ബാറുകൾക്കാണ് ജില്ലയിൽ ലൈസൻസ് അനുവദിച്ചിരിക്കുന്നത്.

കാസർകോട് അപേക്ഷ ലഭിച്ചില്ല...
എറണാകുളത്തിന് പിന്നിൽ തിരുവനന്തപുരത്താണ് കൂടുതൽ ബാറുകൾ പ്രവർത്തിക്കുന്നത്. ജൂലായ് 2 മുതൽ 17 ബാറുകളാണ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുക. കാസർകോട് ജില്ലയിൽ നിന്ന് ബാർ ലൈസൻസിനായി ഒരു അപേക്ഷ പോലും ലഭിച്ചില്ല.

മറ്റു ജില്ലകളിലെ കണക്കുകൾ...
മറ്റു ജില്ലകളിൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ ബാറുകളുടെ എണ്ണം; ആലപ്പുഴ (2), ഇടുക്കി (1), കണ്ണൂര്‍ (8), കൊല്ലം (3), കോട്ടയം (7), കോഴിക്കോട് (5), മലപ്പുറം (4), പാലക്കാട് (6), തൃശ്ശൂര്‍ (9), വയനാട് (2) എന്നിങ്ങനെയാണ് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്.

ഇനിയും അപേക്ഷകൾ...
ബാർ ലൈസൻസ് അനുവദിക്കുന്നതിനായി ഒട്ടേറെ അപേക്ഷകളാണ് എക്സൈസ് വകുപ്പിന്റെ പരിഗണനയിലുള്ളത്. നേരത്തെ ബാർ ഇല്ലാതിരുന്ന എട്ട് ത്രീ സ്റ്റാർ ഹോട്ടലുകളുടെ അപേക്ഷ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ബാർ ലൈസൻസ് പുതുക്കുന്നതിന് ലഭിച്ച അപേക്ഷകളൊന്നും ഇതുവരെ നിരസിച്ചിട്ടില്ല.

730 ബാറുകൾ...
2014 മാർച്ച് 31ന് മുൻപ് സംസ്ഥാനത്ത് 730 ബാറുകളാണ് പ്രവർത്തിച്ചിരുന്നത്. നിലവാരമില്ലാത്തതിനാൽ ഇവയിൽ 412 എണ്ണം പിന്നീട് പൂട്ടി. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് നിജപ്പെടുത്തിയപ്പോൾ 318 എണ്ണത്തിന് കൂടി താഴുവീണു. ഇതിന് പിന്നാലെ പല ബാറുകളും ബിയർ,വൈൻ പാർലറുകളായി പ്രവർത്തനം ആരംഭിച്ചെങ്കിലും സുപ്രീംകോടതിയുടെ ദേശീയപാത ദൂരപരിധി ഉത്തരവ് കാരണം മിക്കവയും പൂട്ടേണ്ടി വന്നു.












Click it and Unblock the Notifications