തൊടുപുഴയിൽ ഇടിമിന്നലേറ്റ് 11 പേർക്ക് പരിക്ക്; 2 പേരുടെ നില അതീവ ഗുരുതരം
തൊടുപുഴ: പാറമടയിലെ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. ആലക്കാട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ജോലി കഴിഞ്ഞ് താത്കാലിക ഷെഡിൽ വിശ്രമിക്കുകയായിരുന്നു 11 പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാൾ മാത്രമാണ് ഇടിമിന്നലേൽക്കാതെ രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മുന്നരയോടെയാണ് അപകടം.
മൂന്നാര്‍ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), കൊല്ലം അച്ചന്‍കോവില്‍ സ്വദേശി അഖിലേഷ് (25), എരുമേലി മരുത്തിമൂട്ടില്‍ അശ്വിന്‍ മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധര്‍മ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയന്‍ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂര്‍ സ്വദേശി മഥനരാജ് (22), പെരുമ്പാവൂര്‍ സ്വദേശികളായ ആശോകന്‍ (50), ജോണ്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ രാജ, മദൻരാജ് എന്നിവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരാണ് ഇരുവരും.

കടുത്ത ഇടിയും മഴയും ഉണ്ടായതോടെ വൈകീട്ട് മൂന്ന് മണിയോടെയാണ് തൊഴിലാളികൾ പണി നിർത്തി താത്കാലിക ഷെഡിൽ കയറി വിശ്രമിച്ചത്. ഷെഡിനുള്ളില്‍ തറയിലും സ്റ്റൂളിലുമായിട്ടായിരുന്നു ഇവർ ഇരുന്നത്. പെട്ടെന്ന് ഇടിമിന്നലേൽക്കുകയായിരുന്നു. ഇതോടെ ഇവർ പല ഭാഗങ്ങളിലേക്കായി തെറിച്ച് വീണു. അപകടസമയം ഷെഡിലുണ്ടായിരുന്ന ലോറി ഡ്രൈവറായ ആലക്കോട് സ്വദേശി ജോബിന്‍ ജോസ് മാത്രമാണ് ഇടിമിന്നലേൽക്കാതെ രക്ഷപ്പെടത്.
ജോബി നാട്ടുകാരെ വിവരം അറിയിച്ച് ഉടൻ തന്നെ പരിസരത്തുള്ള വാഹനങ്ങളിൽ തൊഴിലാളികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്ത് എത്തിയിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പാറമട. അടുത്തിടെയായിരുന്നു ഇത് പ്രവർത്തനം തുടങ്ങിയത്.












Click it and Unblock the Notifications