പുറ്റിങ്ങല്‍ ക്ഷേത്ര പരിസരം പരിശോധിക്കാന്‍ കേന്ദ്ര സംഘം എത്തും
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ സ്‌ഫോടനം നടന്ന സ്ഥലം തിങ്കളാഴ്ച കേന്ദ്ര സംഘം പരിശോധിക്കും. എക്‌സ്‌പ്ലോസീവ് വിഭാഗം തലവന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരവൂരിലെത്തുക. കേരളം കണ്ട ഏറ്റവും വലിയ വെടികെട്ട് ദുരന്തത്തില്‍ മരണം 110 ആയി. 400 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെടുങ്ങോലം സ്വദേശി പ്രസന്നന്‍ തിങ്കളാഴ്ച മരിച്ചു. കൊല്ലത്തും തിരുവനന്തപുരം ചികിത്സയില്‍ കഴിയുന്ന പലരും അപകട നില തരണം ചെയ്തിട്ടില്ല. പരുക്കേറ്റവര്‍ക്കായി ദില്ലി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വിദഗ്ധ ചികിത്സ ഒരുക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പോലീസിന്റെ ബോംബ് ഡിഫ്യൂസിങ് സ്‌ക്വാഡും ഫോറന്‍സിക് ഡയറക്ടര്‍ പ്രമീളയുടെ നേതൃത്വത്തിലുള്ള സംഘവും തകര്‍ന്ന കമ്പപ്പുരയിലെത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ എടുത്തിട്ടുണ്ട്. നരഹത്യക്കും സ്‌ഫോടക നിരോധന നിയമപ്രകാരവും ക്ഷേത്രോത്സവ കമ്മറ്റി ഭാരവാഹികള്‍ക്കെതിരെയും രണ്ട് വെടികെട്ട്കാര്‍ക്കെതിരെയും പരവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് 15 അംഗ ക്ഷേത്ര ഭാരവാഹികള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അതീവ ഗുരുതരാവസ്ഥയിലായവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ആരെയും സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്നാണ് കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെ നിലപാട്.












Click it and Unblock the Notifications