ഈ വര്‍ഷം കാണാതായത് 1194 കുട്ടികള്‍; ഏറെയും പെണ്‍കുട്ടികള്‍, 241 പേര്‍ എവിടെയെന്നുപോലും അറിയില്ല
2011 മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് കാണാതായത് 7292 കുട്ടികളെയാണ്.
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് കാണാതായ കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഈ വര്‍ഷം ഇതുവരെ 1194 കുട്ടികളെയാണ് കാണാതായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ കണക്കാണിത്. 2011 മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് കാണാതായത് 7292 കുട്ടികളെയാണ്.
2011ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെക്കാള്‍ ഇരട്ടിയലധികമാണ് 2016 ആയപ്പോഴേയ്ക്കും വര്‍ധിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളെക്കാള്‍ ഗ്രമീണമേഖലകളില്‍ നിന്നാണ് കൂടുതല്‍ കുട്ടികളെ കാണാതായിട്ടുള്ളതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കാണാനാവുന്നതിലേറെയും പെണ്‍കുട്ടികളാണെന്നതാണ് ഞെട്ടലുണ്ടാക്കുന്നത്. അന്യ സംസ്ഥാനത്തേക്ക് കടത്തുന്ന ഇവരെ ലൈംഗികതൊഴിലാളികളാക്കി മാറ്റുകയാണെന്നാണ് പോലീസ് പറയുന്നത്.

2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. കാണാതായവരില്‍ 1142 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. 241 പേര്‍ എവിടെയാണെന്ന് പോലുമറിയില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളമടക്കം ഓരോ വര്‍ഷവും കാണാതാവുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

കാണാതാവുന്ന കുട്ടികളെ ബാലവേലയ്ക്കും ലൈംഗിക ചൂഷണത്തിനുമൊക്കെ ഇരയാക്കുകയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011ല്‍ 952 കുട്ടികളാണ് കാണാതായത്. ഇവരില്‍ 923 പേരെ കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ 1079 കുട്ടികളെ കാണാതായപ്പോള്‍ 1056 പേരെ പോലീസ് കണ്ടെത്തി. 2013ല്‍ കാണാതായവര്‍ 1208ഉം കണ്ടെത്തിയവര്‍ 1188മാണ്. 2011ല്‍ കാണാതായ കുട്ടികളില്‍ 29 പേരെയാണ് ഇനിയും കണ്ടെത്തിയിട്ടില്ല.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും അവരെ കാണാതാകുന്ന കേസിലും ജാഗ്രത പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ തീര്‍ഥാടന കേന്ദ്രങ്ങളള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പോലീസ് പെട്രോളിങും രഹസ്യ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2012ല്‍ മിസിംഗ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. 2013ലാണ് ഏറ്റവും അധികം കുട്ടികളെ കണ്ടെത്താനുള്ളത്. 90 കുട്ടികളെയാണ് കാണാതായിട്ട് തിരികെ ലഭിക്കാത്തത്. 2014ല്‍ 34 കുട്ടികളെയും 2015-ല്‍ കാണാതായ 13 കുട്ടികളും തിരികെ വീട്ടിലെത്തിയിട്ടില്ല. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ ലഭ്യമായതില്‍ 52 കുട്ടികളെ കണ്ടൈത്താനുണ്ട്.












Click it and Unblock the Notifications