സ്‌കൂള്‍ അവധി 12 ദിവസം; ക്രിസ്മസ് അവധിയില്‍ മാറ്റം വരുത്താന്‍ ധാരണ, പരീക്ഷ 23 വരെ
തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11ന് തുടങ്ങി 18 വരെ നടത്തേണ്ടിയിരുന്ന പരീക്ഷയില്‍ മാറ്റം വരുത്താന്‍ ധാരണ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അതിനിടയില്‍ വന്നതോടെയാണ് പരീക്ഷയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായിട്ടാണ് കേരളത്തില്‍ നടക്കുന്നത്. ഡിസംബര്‍ ഒമ്പതിനും 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമുള്ള രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ പുനക്രമീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ഡിസംബര്‍ 15 മുതലായിരിക്കും ക്രിസ്മസ് പരീക്ഷകള്‍ ആരംഭിക്കുക.

ഡിസംബര്‍ 15 തിങ്കളാഴ്ചയായിരിക്കും പരീക്ഷ ആരംഭിക്കുക എന്നാണ് വിവരം. പരീക്ഷ പൂര്‍ത്തിയാക്കി 23ന് അടയ്ക്കും. ജനുവരി അഞ്ചിന് സ്‌കൂള്‍ തുറക്കും. ഈ രീതിയില്‍ അന്തിമ തീരുമാനം വരികയാണെങ്കില്‍ 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിരവാര സമിതിയുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
അതേസമയം, പരീക്ഷകള്‍ അവധിക്കും മുമ്പും ശേഷവുമായി രണ്ട് ഘട്ടമായി നടത്തുന്നത് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ ഒറ്റഘട്ടമായി നടത്താന്‍ സാധിക്കുന്ന കാര്യമാണ് പരിഗണിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഇതിനിടയില്‍ വന്നതാണ് വിദ്യാഭ്യാസ കലണ്ടര്‍ താളംതെറ്റിച്ചത്. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ചില പരീക്ഷകള്‍ സ്‌കൂള്‍ അവധി കഴിഞ്ഞ് തുറന്ന ശേഷം നടത്താനും സാധ്യതയുണ്ട്.












Click it and Unblock the Notifications