നഗരത്തിൽ വൻ കഞ്ചാവ് വേട്ട: 130 കിലോ കഞ്ചാവുമായി യുവാക്കളെത്തിയത് ആഢംബരകാറിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്നും 130 കിലോ കഞ്ചാവ് പിടികൂടി. സിറ്റി പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്.
കല്ലിയൂർ പെരിങ്ങമ്മല നെടിയവിള പുത്തൻവീട്ടിൽ അഭിഷേക് (30)കാക്കാമൂല ഷാരോൺ നിവാസിൽ ശ്യാംരാജ്(29)ബാലരാമപുരം ആമച്ചൽനട കടയറ വീട്ടിൽ നിതിൻ എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രമുഖരാണ് പിടിയിലായവര്.
സംശയം തോന്നാതിരിക്കാന് മെഡിക്കല് കോളേജ്
മെഡിക്കൽകോളേജ് ആശുപത്രി പത്തോളജി ലാബിനു സമീപത്തെ വിജനമായ സ്ഥലത്തു നിന്നാണു സംഘം വലയിലായത്. ആന്ധ്രയിൽ നിന്നു കഞ്ചാവ് എത്തിച്ച വ്യാജ നമ്പർ പതിച്ച രണ്ടു ആഡംബര കാറുകളും പിടിച്ചെടുത്തു. വാഹനത്തിന്റെ ഡിക്കിയിൽ ഒളിപ്പിച്ച ചാക്കിൽ രണ്ടു കിലോ കഞ്ചാവു വീതം സീൽ ചെയ്തു പൊതിഞ്ഞ 65 പാക്കറ്റുകൾ കണ്ടെത്തി. കഞ്ചാവിന്റെ ഗന്ധം വ്യാപിക്കാതിരിക്കാനാണു വാഹനം വിജനമായ സ്ഥലത്തെത്തിച്ചത്. ഇവിടെ നിന്നു ചെറുകിടക്കാർക്കു കൈമാറാനായിരുന്നു പദ്ധതി.രണ്ടു കിലോ (ഒരു പാക്കറ്റ്)കഞ്ചാവ് നാലായിരം രൂപയ്ക്കാണു സംഘം വാങ്ങിയത്. ഇതു നാലിരട്ടിയിലധികം വിലയ്ക്കു നഗരത്തിൽ വിൽക്കുകയായിരുന്നു ലക്ഷ്യം.

കഞ്ചാവ് കടത്തിന് എസ്കോർട്ട്
ആഡംബരവാഹനങ്ങളിലായി എസ്കോർട്ടും പൈലറ്റും വരെ ഒരുക്കിയാണ് കടത്ത്.ആദ്യ വാഹനം കടന്നു പോയി സാഹചര്യം സുരക്ഷിതമാണെന്നു ഉറപ്പുവരുത്തിയ ശേഷമേ കഞ്ചാവു കൊണ്ടു പോകുന്ന വാഹനം യാത്ര ആരംഭിക്കൂഇതിനു പിന്നലും ഒരു എസകോർട്ട് വാഹനം സഞ്ചരിക്കും.പൊലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ എസ്കോർട്ട് വാഹനത്തിലുള്ളവർ കോഡ് സന്ദേശം കൈമാറും.
വിദ്യാർത്ഥികളാണു പ്രധാന ഇടപാടുകാര്
ആവശ്യപ്പെടുന്ന തുകയ്ക്കു കഞ്ചാവു വാങ്ങാൻ തയ്യാറാകുന്ന പ്രൊഫഷണൽ കോളജ് വിദ്യാർത്ഥികളാണു പ്രധാന ഇടപാടുകാരെന്നാണ് പ്രതികളുടെ മൊഴി.ആറു കിലോ വീതമാണു ചെറുകിട സംഘത്തിനു കൈമാറുന്നത് .ഇവർ വൻ തുകയ്ക്കു വിദ്യാർത്ഥികൾക്കു വിൽക്കും.നഗരത്തിൽ ഒരു ഡസനിലധികം ആളുകൾ ഇടപാടുകാരായി പ്രവർത്തിക്കുന്നുണ്ട്.സ്കൂളുകളും കോളേജും കേന്ദ്രീകരിച്ചും ഈ സംഘം കഞ്ചാവ് വിൽക്കുന്നുണ്ട്. നേരത്തെ കിട്ടിയ വിവരമനുസരിച്ച് മാസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications