132 കോടി ഉടൻ തിരിച്ചടക്കണം; ദുരന്തകാലത്തെ എയർലിഫ്റ്റിങ് ചെലവ് നൽകണമെന്ന് കേരളത്തോട് കേന്ദ്രം
തിരുവനന്തപുരം: 2018ലെ പ്രളയവും വയനാട്ടിലെ ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് എയർലിഫ്റ്റിങ്ങിന് ചെലവായ മുഴുവൻ തുകയും തിരിച്ചടക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം കേരളത്തിന് കത്തയച്ചു. 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2018 ലെ പ്രയകാലത്ത് എയർലിഫ്റ്റിന് ഒരു ദിവസം ചെലവായത് 29.64 കോടിയാണ്. അന്ന് നിരവധി പേരെ എയർ ലിഫ്റ്റ് ചെയ്തിരുന്നു. വയനാട് ദുരന്തസമയത്തും എയർ ലിഫ്റ്റ് ചെയ്ത് നിരവധി പേരെയാണ് രക്ഷിച്ചത്. ആദ്യദിനം മത്രം നൽകിയ സേവനത്തിന് 8,91,23,500 രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് മാത്രം 69,65,46,417 രൂപയാണ് ആവശ്യപ്പെട്ടത്.

വയനാട് ദുരന്തസഹായം വൈകുന്നതിൽ കേന്ദ്രത്തിനെതിരെ കേരളം വിമർശനം കടുപ്പിക്കുന്നതിനിടയിലാണ് കേരളത്തെ വീണ്ടും ശ്വാസംമുട്ടിച്ചുകൊണ്ടുള്ള കത്ത് കേന്ദ്രം കൈമാറിയിരിക്കുന്നത്. വയനാടിനായി 2500 കോടി അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിൽ നിന്നുള്ള എംപിമാരടക്കം കേന്ദ്രസര്‍ക്കാരിന് നിവേദനം നൽകിയെങ്കിലും യാതൊരു അനുകൂല നിലപാടും കേന്ദ്രം സ്വീകരിച്ചിട്ടില്ല. ദുരന്തത്തെ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല.












Click it and Unblock the Notifications