Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരികെയെത്തിയ പ്രവാസികള്‍ക്കായി ഏഴു വർഷത്തിനിടെ ചിലവഴിച്ചത് 151 കോടി രൂപ: പിണറായി വിജയന്‍

ന്യൂയോർക്ക്: പ്രവാസികൾക്കായി കേരള സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരികെയെത്തിയ പ്രവാസികൾക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600 ൽ അധികം സംരംഭങ്ങൾ ഇതിനോടകം വിജയകരമായി ആരംഭിച്ചു. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള പുനരധിവാസ പദ്ധതികൾക്കു പുറമെ കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികൾക്കായി 'പ്രവാസി ഭദ്രത' എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകൾ വഴിയും സബ്‌സിഡി വായ്പകൾ നൽകി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 14,166 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.

pinarayi-vijayan-

കഴിഞ്ഞ ഏഴു വർഷങ്ങൾക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർദ്ധനയാണ് സംസ്ഥാന സർക്കാർ വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസ പദ്ധതികൾ പോലെ പ്രാധാന്യമർഹിക്കുന്നവയാണ് നോർക്കയുടെ സമാശ്വാസ പദ്ധതികൾ. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന, തിരികെയെത്തിയ 24,600 ൽപ്പരം പ്രവാസികൾക്കായി കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 151 കോടി രൂപയാണ് ചിലവഴിച്ചത്.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താൻ നടത്തുന്ന ഇടപെടലുകൾ. നോർക്ക റൂട്ട്‌സിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാറി യൂറോപ്പിൽ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ നോർക്ക റൂട്ട്‌സിനു സാധിക്കുന്നുണ്ട്.

അന്തർദേശീയ തലത്തിൽ വളർന്നുവരുന്ന വിദേശ തൊഴിൽ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികൾ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തിൽ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വർഷം തന്നെ കേരള മൈഗ്രേഷൻ സർവേയുടെ പുതിയ റൗണ്ട് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികൾക്കുവേണ്ട വികസനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ഇതുപകരിക്കും.

നോർക്ക റൂട്ട്‌സും ജർമ്മൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും തമ്മിൽ ജർമ്മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിൾ വിൻ കരാർ 2022 ഡിസംബർ മാസം രണ്ടാം തീയതി ഒപ്പു വെച്ചിട്ടുണ്ട്. കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ 200 ഓളം നേഴ്‌സുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. അവർക്ക് ആവശ്യമായ ഭാഷാ പരിശീലനം നൽകിവരികയാണ്. മറ്റ് തൊഴിൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ വേണ്ട തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. 2023 ഒക്‌ടോബറിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിക്കും.

നോർക്ക റൂട്ട്‌സും യു കെയിൽ എൻ എച്ച് എസ് പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ ഹമ്പർ ആൻഡ് യോർക്ഷയറും യു കെയിലെ മാനസികാരോഗ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും ചേർന്ന് 2022 ഒക്‌ടോബർ മാസം ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നവംബർ മാസം 21 മുതൽ 25 വരെ കൊച്ചിയിൽ ഒരാഴ്ച നീണ്ടുനിന്ന വിപുലമായ യു കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. അതിൽനിന്നും വിവിധ തസ്തികകളിലായി 600 ൽ അധികം ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ 21 പേർക്ക് വിസ ലഭിച്ചിട്ടുണ്ട്. മുപ്പതോളം പേർ വിസയുടെ അപേക്ഷ സമർപ്പിക്കാനുള്ള നടപടികളിലാണ്.

കാനഡയിലെ ഗവൺമെന്റ് ഓഫ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡർ, നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളിൽ ഫിൻലൻഡിലേക്കും തിരെഞ്ഞെടുത്ത 14 തൊഴിൽ മേഖലകളിൽ ജപ്പാനിലേക്കും കേരളത്തിൽ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യതകൾ സജീവമായി പരിശോധിച്ചു വരികയാണ്.

ഇത്തരം റിക്രൂട്ട്‌മെന്റ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനായി 2023 മാർച്ചിൽ വിവിധ വിദേശ ഭാഷകളിൽ പരിശീലനം നൽകുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബി പി എൽ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗങ്ങൾക്കും പഠനം സൗജന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവർക്ക് 75 ശതമാനം ഫീസ് ഇളവിൽ പരിശീലനം സാധ്യമാകും. തൊഴിൽദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ പരിവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

 pinarayi-vijayan

വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരള പോലീസും സംസ്ഥാന സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും സംയുക്തമായി ഓപ്പറേഷൻ ശുഭയാത്ര എന്ന പേരിൽ ഇതിനെതിരെ ഒരു നടപടി കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പരും ഇമെയിൽ ഐഡികളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2020 ലെ കേരള മൈഗ്രേഷൻ സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം ഏതാണ്ട് 21 ലക്ഷത്തോളം മലയാളികളാണ് പ്രവാസജീവിതം നയിക്കുന്നത്. അനൗദ്യോഗികമായി 35 മുതൽ 40 ലക്ഷം പേർ വരെയെങ്കിലും പ്രവാസികളായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ ഏറിയ പങ്കും ഗൾഫ് രാജ്യങ്ങളിലാണ് ഉള്ളത്, ഏകദേശം 28-30 ലക്ഷം പേർ. ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മലയാളി പ്രവാസികളുള്ള പ്രദേശമാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡം.

കേരളത്തിൽ നിന്നുള്ള ഏകദേശം 8 ലക്ഷത്തോളം പേരാണ് അമേരിക്കയിലും കാനഡയിലുമായി ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. അടിയന്തര ഘട്ടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ മിഷനുകളുമായും ചേർന്ന് പ്രവർത്തിച്ചാണ് അപകടം നിറഞ്ഞ ഇടങ്ങളിൽ നിന്ന് മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നത്.

യുക്രെയിൻ, ലിബിയ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, സുഡാൻ, എന്നീ രാജ്യങ്ങളിൽ നിന്നും ഏറ്റവുമൊടുവിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. അതിലൊക്കെ പ്രവാസികളും പ്രവാസി സംഘടനകളും നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അവരെ എല്ലാവരെയും ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+