രണ്ട് മണിക്കൂറില്‍ എത്തിയ കൈക്കൂലി 16,450 രൂപ; ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന
പാലക്കാട്: ഗോവിന്ദാപുരം ചെക് പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വിജിലന്‍സ് പരിശോധനയില്‍ അനധികൃത പണം പിടികൂടി. പായക്കടിയിലും കസേരക്കിടയിലുമായി ഒളിപ്പിച്ച നിലയില്‍ 16,450 രൂപയോളമാണ് കണ്ടെത്തിയത്. രണ്ടര മണിക്കൂറിനിടെയാണ് ഈ പണം കണ്ടെത്തിയത്. എന്നാല്‍ 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് വെറും 12,900 രൂപ മാത്രമാണ് രേഖയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും.
രണ്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് വിജിലന്‍സ് പരിശോധന നടത്തിയത്. എജന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നല്‍കുന്നതും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഓണത്തിനോട് അനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്.

കൈക്കൂലി പണത്തിന് പുറമെ ഓറഞ്ചും ആപ്പിളും അടക്കമുള്ള പഴ വര്‍ഗവും ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫീസ് മുറിയിലും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാളയാറിലെ ചെക്‌പോസ്റ്റിലും വിജിലന്‍സ് സമാന രീതിയിലുള്ള പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് 13000 രൂപയോളമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. കാന്ത കഷ്ണങ്ങളില്‍ ചുറ്റി റബ്ബര്‍ ബാന്‍ഡ് കെട്ടിയുറപ്പിച്ചു ഇരുമ്പു വാതിലുകളുടെ മറവില്‍ ഒട്ടിച്ച നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഇങ്ങനെ ഒളിപ്പിച്ച കൈക്കൂലി പണം പിടികൂടിയത്. കണ്ടെയ്‌നറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ നിമിഷനേരം കൊണ്ട് പണം എവിടെ വേണമെങ്കിലും എറിഞ്ഞു പിടിപ്പിക്കാനാണ് ഈ വിദ്യ. ട്രാഫിക് ബോധവല്‍ക്കരണ നോട്ടീസില്‍ അലക്ഷ്യമായി പൊതിഞ്ഞ് എറിഞ്ഞ നിലയിലും പണം കണ്ടെത്തി. പിരിച്ചെടുക്കുന്ന കൈക്കൂലി പണം സൂക്ഷിക്കാന്‍ പല സമയത്തും പല തന്ത്രങ്ങളാണ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പയറ്റുന്നതെന്ന് വിജിലന്‍സ് അറിയിച്ചു.












Click it and Unblock the Notifications