18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഇനി വെവ്വേറെ വിലയില്ല, നാളെ മുതൽ കേരളത്തിൽ ഒരൊറ്റ വില
സ്വർണവില കുതിച്ചുയർന്നതോടെ ആഭരണങ്ങൾ വാങ്ങാനും അണിയാനും ആഗ്രഹിക്കുന്നവരുടെ ഇടയിൽ പ്രിയങ്കരമാണ് 18 കാരറ്റ് സ്വർണം. 22 കാരറ്റ് ആഭരണങ്ങളേക്കാൾ വിലക്കുറവാണ് എന്നതാണ് 18 കാരറ്റ് ആഭരണങ്ങളെ ജനപ്രിയമാക്കിയത്.
ഇതുവരെ സംസ്ഥാനത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വ്യത്യസ്തമായ വിലകളാണ് പല ജ്വല്ലറികളും ഈടാക്കി വന്നിരുന്നത്. എന്നാൽ നാളെ മുതൽ അങ്ങനെയല്ല. കേരളത്തിൽ എല്ലായിടത്തും 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഇനി ഒരേ വിലയായിരിക്കും.
22 കാരറ്റ് അഥവാ 916 സ്വർണത്തിന് സംസ്ഥാനത്ത് എല്ലായിടത്തും ഒരേ വിലയാണ്. സമാനമായ രീതിയിൽ കേരളത്തിലെ സ്വർണാഭരണ വിപണിയിൽ 18 കാരറ്റ് സ്വർണത്തിനും ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാനാണ് കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്.

75 ശതമാനം ശുദ്ധമായ സ്വർണവും 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ മറ്റ് ലോഹങ്ങളും അടങ്ങിയതാണ് 18 കാരറ്റ് സ്വർണം. മറ്റ് ലോഹങ്ങൾ കൂടി ചേരുന്നതിനാൽ 18 കാരറ്റ് സ്വർണത്തിലുണ്ടാക്കിയ ആഭരണങ്ങൾക്ക് ബലം കൂടും. അതുകൊണ്ട് തന്നെ ദൈനംദിന ഉപയോഗത്തിന് ഈ സ്വർണം വളരെ അനുയോജ്യമാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കാനും ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമ്മിക്കാനുമൊക്കെ കൂടുതലായും ഉപയോഗിക്കുന്നത് 18 കാരറ്റ് സ്വർണമാണ്.
സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണത്തിന് വില ഇടിഞ്ഞിട്ടുണ്ട്. 105 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10,770 രൂപയും ഒരു പവൻ സ്വർണത്തിന് 86160 രൂപയുമാണ് വില.
സ്വർണത്തിന്റെ വില കൂടിയതോടെ 18 കാരറ്റ് ആഭരണങ്ങളുടെ ഡിമാൻഡ് വലിയ തോതിൽ കൂടുകയുണ്ടായി. 18 കാരറ്റ് ആഭരണങ്ങൾക്കും ബിഐഎസ് ഹാൾമാർക്ക് ഉണ്ടാകും. ഇവ ഭാവിയിൽ വിൽക്കുമ്പോൾ 75 ശതമാനം വരുന്ന സ്വർണത്തിന്റെ വില ലഭിക്കുകയും ചെയ്യും. 18 കാരറ്റ് സ്വർണാ വിലനിലവാരം ഏകീകരിക്കുന്നതിന് വളരെക്കാലമായി ചർച്ചകൾ നടന്നുവരികയായിരുന്നു.
കൊച്ചിയിൽ വെച്ച് നടന്ന സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ യോഗത്തിൽ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരമാകും എന്നും, സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വിൽപ്പനയിൽ കുതിപ്പ് ഉണ്ടാകുമെന്നും സ്വർണ്ണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പ്രതികരിച്ചു.
ഡോ.ബി.ഗോവിന്ദൻ, (എകെജിഎസ്എംഎ) കെ.സുരേന്ദ്രൻ അഡ്വ.എസ്. അബ്ദുൽ നാസർ, (കെജിഎസ്എംഎ) എം.പി.അഹമ്മദ്, എ.കെ.നിഷാദ്,ഓ.അഷർ, (കെജെഎഫ്) ഷാജു ചിറയത്ത് (കെജിഎസ്ഡിഎ) എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.


Click it and Unblock the Notifications