തൃശൂർ മലാക്കയിൽ വീടുകത്തി കുട്ടികൾ വെന്തുമരിച്ചു; കിടപ്പുമുറിയിൽ സ്ഫോടനം

തൃശൂർ: വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ തീപിടുത്തതിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആച്ചക്കോട്ടിൽ ഡാൻസേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ്( 10) സലസ് മിയ( ഒന്നര) എന്നിവരാണ് മരിച്ചത്.
ഡാൻസേഴ്സ് ജോ( 46), ഭാര്യ ബിന്ദു( 36) ഇവരുടെ മൂത്ത മകൾ സലസ് നിയ( 11) എന്നിവർക്ക് പൊള്ളലേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വീട്ടിൽ നിന്നും വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു.
കിടപ്പുമുറിയിൽ ഇൻവേർട്ടർ പ്രവർത്തിച്ചിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നും അഭ്യൂഹങ്ങളുണ്ട്. അപകട സമയത്ത് ജോ മുറ്റത്ത് കാർ കഴുകുകയായിരുന്നു. തീ ആളിപ്പടർന്നപ്പോൾ മുറിക്കുള്ളിലേക്ക് ഓടി മൂത്ത മകളെ പുറത്തെത്തിച്ചു. എന്നാൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇളയ കുട്ടികളെ രക്ഷപെടുത്താനായില്ല.
രണ്ടുകുട്ടികളും വെന്തുമരിച്ച നിലയിലായിരുന്നു. ഇവർ കിടന്ന മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം. അഗ്നിശമന സേന എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തി നശിച്ചിരുന്നു. മരിച്ച ഡാൻഫിലീസ് കുറ്റമുക്ക് സാന്ദീപിനി സ്കൂൾ വിദ്യാർത്ഥിനിയാണ്.