ചങ്ങനാശ്ശേരി:ലോറി ഓട്ടോയിലിടിച്ച് 2 മരണം
കോട്ടയം: ചങ്ങനാശ്ശേരി ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി തൃക്കോടിത്താനത്താണ് അപകടം നടന്നത്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്
രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ അമിത വേഗവും പരിധിയിലധികം ആളുകളെ കയറ്റിയതുമാണ് അപകടകാരണമെന്നാണ് അറിയുന്നത്. എട്ട് പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. സ്ഥിരമായി ഇത്തരത്തില്‍ തന്നെയാണ് തൊഴിലാളികളെ ജോലിസ്ഥലത്തേയ്ക്ക് കൊണ്ടു പോകാറുള്ളതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തെങ്ങണയില്‍ നിന്നു പെരുന്തുരുത്തിയിലേക്കു പോകുകയായിരുന്ന ടോറസ്, പായിപ്പാടു നിന്നു ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി.
ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Click it and Unblock the Notifications