വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു, 2018ന്റെ തിരക്കഥാകൃത്ത് ആശുപത്രിയില്‍, സംഭവം ഇങ്ങനെ
തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയമായ 2018ന്റെ തിരക്കഥാകൃത്തിന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവമുണ്ടായത്. 2018 സിനിമയിലേതിന് സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന്‍ പറഞ്ഞു.
പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയതായിരുന്നു അഖില്‍. എന്നാല്‍ തലസ്ഥാന നഗരിയില്‍ പെയ്ത അതിശക്തമായ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന ഇടം ഒന്നാകെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. നേരത്തെ അഖില്‍ താനടക്കമുള്ള അവസ്ഥ വിവരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് വൈറലായിരുന്നു.

image credit: akhil dharmajan fb page
ഇപ്പോള്‍ തിരുവനന്തപുരം വെള്ളായണി എന്ന ഗ്രാമത്തിലാണ് താമസിക്കുന്നത്. രാത്രി 12 മണി കഴിഞ്ഞിട്ടാണ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ 4 മണി കഴിഞ്ഞ് പട്ടി കുരയ്ക്കുന്നത് കേട്ട് ഉണര്‍ന്നപ്പോള്‍ താമസിക്കുന്ന വീട് വെള്ളത്തില്‍ ഏറെക്കുറെ മുങ്ങിയ അവസ്ഥയാണെന്ന് മനസ്സിലാക്കിയെന്നും അഖിര്‍ പോസ്റ്രില്‍ പറഞ്ഞിരുന്നു. അടുത്തുള്ള ആളുകള്‍ ഭൂരിഭാഗവും ക്യാമ്പിലേക്ക് പോയിക്കഴിഞ്ഞു. പോയ വഴിക്ക് വെള്ളത്തില്‍ കറന്റ് പാസ്സ് ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കിയ കുറച്ചുപേര്‍ ഞങ്ങളെ അത് അറിയിച്ചതിനാല്‍ ഞങ്ങള്‍ നേരിട്ട് വെള്ളത്തില്‍ ഇറങ്ങിയില്ല.
ഇപ്പോള്‍ ഏറ്റവും മുകളിലത്തെ പടിയും താണ്ടി വെള്ളം വീണ്ടും മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. അടിയന്തരമായി കെഎസ്ഇബിയില്‍ വിളിച്ചുപറഞ്ഞെങ്കിലും അവര്‍ കറന്റ് ഓഫ് ചെയ്തില്ല. വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ഇനിയും വെള്ളം ഉയര്‍ന്നാല്‍ കറണ്ടും കൂടെ അകത്തെത്തും. എന്തുചെയ്യും എന്നറിയില്ല.
വീടിന്റെ ഒരു ഭാഗത്ത് വെള്ളായണി കായലും മറുഭാഗത്ത് ആറും നിറഞ്ഞൊഴുകുന്നു! ഇപ്പോള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് അഥവാ എന്റെയും ഒപ്പമുള്ളവരുടെയും ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം നീന്താന്‍ അറിയാത്തത് കൊണ്ടായിരിക്കില്ല. മറിച്ച് വൈദ്യുതി മൂലം ആയിരിക്കും എന്ന് ഇവിടെ അറിയിച്ചുകൊള്ളുന്നുവെന്നുമായിരുന്നു ഈ പോസ്റ്റില്‍ അഖില്‍ പറഞ്ഞിരുന്നത്.
അതേസമയം കായലിന് അടുത്തുള്ള പ്രദേശമായതിനാല്‍ വീട്ടില്‍ വെള്ളം കയറുമെന്ന അവസ്ഥയായിരുന്നു. അതുകൊണ്ടാണ്് മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള ശ്രമത്തിലായിരുന്നു. അവിടെയുള്ള ചില പട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ച് വെള്ളത്തിലൂടെ മടങ്ങുമ്പോള്‍ തനിക്ക് പാമ്പുകടിയേറ്റെന്നും അഖില്‍ പറയുന്നു. വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകള്‍ തുടരെത്തുടരെ വരുന്നുണ്ട്.
ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയില്‍ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലില്‍ ഒബ്‌സര്‍വേഷനില്‍ ആണ്. കോളുകള്‍ എടുക്കാത്തതില്‍ ഭയപ്പെടേണ്ട. വെള്ളക്കെട്ടില്‍ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവില്‍ മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും എഫ്ബി പോസ്റ്റിലൂടെ അഖില്‍ അറിയിച്ചു.
മൂര്‍ഖനായിരുന്നു കടിച്ചത്. എന്നാല്‍ വെള്ളത്തില്‍ നിന്നായത് കൊണ്ടാണ് മാരകമാവാതിരുന്നതെന്നും അഖില്‍ പറഞ്ഞു. നേരത്തെ കേരളത്തിലെ പ്രളയം ആസ്പദമാക്കിയായിരുന്നു ജൂഡ് ആന്റണി 2018 എന്ന സിനിമയൊരുക്കിയത്. ചിത്രത്തിലെ സഹരചയിതാവാണ് നോവലിസ്റ്റ് കൂടിയായ അഖില്‍ പി ധര്‍മജന്‍. ഓജോ ബോര്‍ഡ്, മെര്‍ക്കുറി ഐലന്റ് പോലുള്ള ജനപ്രിയ നോവലുകള്‍ എഴുതിയിട്ടുണ്ട്് അഖില്‍.












Click it and Unblock the Notifications