സംസ്ഥാനത്ത് പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 77.81 % വിജയം; കൂടുതല്‍ നേട്ടം എറണാകുളത്തിന്: സേ പരീക്ഷ ജൂണില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്‌സി) ഫലമാണ് പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 77.81 ശതമാനമാണ് വിജയ ശതമാനം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 70.06 ശതമാനമാണ് വിജയ ശതമാനം.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മുന്‍ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം. എന്നാല്‍ ഇക്കുറി 0.88 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളത്തിനാണ് (83.09). ഏറ്റവും കുറവ് കാസര്‍കോഡിനുമാണ് (71.09).

2,88,394 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 41 വിദ്യാത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചു. 30,145 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പെണ്‍കുട്ടികാണ് എ പ്ലസ് നേട്ടത്തില്‍ മുന്നിലുള്ളയ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്തെ 57 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. മുപ്പതില്‍ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 46 ആണ്.
നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു പരീക്ഷ എഴുതിയത്. മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമായിട്ടുണ്ട്.
റെഗുലര്‍ വിഭാഗത്തില്‍ 2002 സ്‌കൂളുകളില്‍ നിന്നായി 370642 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 2,88,394 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ആണ്‍കുട്ടികളില്‍ 1,79,952 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 1,23,160 പേരാണ് വിജയിച്ചത്. 68.44 ആണ് വിജയശതമാനം. പെണ്‍കുട്ടികളില്‍ പരീക്ഷയെഴുതിയ 1,90,690 പേരില്‍ 1,65,234 പേര്‍ വിജയിച്ചു. വിജയം - 86.65 ശതമാനം.
സയന്‍സ് ഗ്രൂപ്പില്‍ 83.25 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഹ്യൂമാനിറ്റീസ് വിഷയത്തില്‍ 69.16 ശതമാനമാണ് വിജയം. കൊമേഴ്‌സ് വിഷയത്തില്‍ 74.21 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
എയ്ഡഡ് സ്‌കൂളുകളുടെ വിജയശതമാനം 82.16. അണ്‍ എയിഡഡ് സ്‌കൂളുകളുടെ വിജയ ശതമാനം 75.91. സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം 331 ആണ്. ഇതില്‍ 286 പേര്‍ വിജയിച്ചു. വിജയ ശതമാനം 86.40.
കേരള കലാമണ്ഡലത്തില്‍ നിന്ന് 56 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 45 കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യരായി - 80.36 വിജയ ശതമാനം. രണ്ട് വിദ്യാര്‍ഥികളാണ് കലാമണ്ഡലത്തില്‍ നിന്ന് എല്ലാ വിഷയങ്ങളിലുും എ പ്ലസ് നേടിയത്.
സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് മെയ് 27 വരെ അപേക്ഷിക്കാം. ഫൈന്‍ ഉള്‍പ്പെടെ മെയ് 29 വരെയും അപേക്ഷ നല്‍കാം. ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായാണ് പരീക്ഷ നടത്തുക. പുനര്‍മൂല്യ നിര്‍ണ്ണയം, ഫോട്ടോ കോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആണ്.
മാര്‍ച്ച് ആറു മുതല്‍ 29 വരെയായിരുന്നു പരീക്ഷ നടന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 89 കേന്ദ്രങ്ങളില്‍ നടത്തിയ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ 23483 അധ്യാപകര്‍ പങ്കെടുത്തു.












Click it and Unblock the Notifications