പുനലൂരിൽ 13കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
പുനലൂർ: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 13 കിലോ കഞ്ചാവുമായി മൂന്ന് പേരെ പുനലൂർ പൊലിസ് അറസ്റ്റ് ചെയ്തു. എഴുകോൺ തെക്കേവിള പുത്തൻവീട്ടിൽ സുബ്രഹ്മണ്യൻ, കരിക്കം കാഞ്ഞിരവിളവീട്ടിൽ സുരേഷ്, കരവാളൂർ പാലത്തിങ്കൽ കുരിലുംമുകൾ വീട്ടിൽ രാജൻകുഞ്ഞ് എന്നിവരെയാണ് പുനലൂർ ടി.ബി ജംഗ്ഷന് സമീപത്ത് നിന്ന് പിടികൂടിയത്. ഇവർ വന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ പുനലൂരിൽ കൊണ്ട് വന്നു കച്ചവടം നടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലിസ് പറഞ്ഞു. ഓട്ടോയിലെ രഹസ്യ അറയിൽ സ്യൂട്ട്കേസിൽ ഏഴ് പോളിത്തീൻ കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇവർ സ്ഥിരമായി കഞ്ചാവ് കടത്തുന്നതായി ജില്ലാ റൂറൽ പൊലിസ് സൂപ്രണ്ട് ബി. അശോകന് വിവരം ലഭിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി സംഘം നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം റൂറൽ ഷാഡോ ടീമിന്റെയും പുനലൂർ പൊലിസിന്റെയും വലയിൽ അകപ്പെട്ടത്. ഇവർ നേരത്തെ അബ്കാരി കേസുകളിൽ പ്രതികളായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ കഴിയുമ്പോൾ പരസ്പരം പരിചയപ്പെട്ട തങ്ങൾ മൂന്ന് പേരും ചേർന്ന് കഞ്ചാവ് കടത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
പുനലൂർ ഡിവൈ.എസ്.പി എം. അനിൽകുമാർ, സി.ഐ. ബിനുവർഗ്ഗീസ്, എസ്.ഐ.മാരായ ജെ. രാജീവ്, കെ. ദിലീഷ്, ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications