വിവി രാജേഷും സി ശിവന്‍കുട്ടിയും പി സുധീറും കെ സുരേന്ദ്രന്റെ വീട്ടിൽ? അടിയന്തര സന്ദര്‍ശനത്തിന് പിന്നിൽ എന്ത്?
കോഴിക്കോട്: കുഴല്‍പണ കേസില്‍ പെട്ട് ഉഴലുന്ന ബിജെപി കടുത്ത പ്രതിസന്ധിയില്‍ ആണ്. അടുത്ത ദിവസങ്ങളില്‍ പോലീസ് നിര്‍ണായക നടപടികളിലേക്ക് കടക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഇതിനിടെയാണ് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്ന മൂന്ന് പേര്‍ അടിയന്തരമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വീട്ടില്‍ എത്തിയത്. വിവി രാജേഷ്, സി ശിവന്‍കുട്ടി, പി സുധീര്‍ എന്നീ നേതാക്കളാണ് കോഴിക്കോട് എത്തിയിട്ടുള്ളത് എന്നാണ് വിവരം. വിശദാംശങ്ങള്‍...

മൂന്ന് പേര്‍
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രാജേഷ്, അരുവിക്കരയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന സി ശിവന്‍കുട്ടി, ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ പി സുധീര്‍ എന്നിവരാണ് കോഴിക്കോട് എത്തിയിട്ടുള്ളത്. വിവി രാജേഷ് ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയാണ്.

പാസ് വയനാടുവരെ
ലോക്ക് ഡൗണ്‍ നിലനില്‍ക്കെ പാസ് എടുത്താണ് മൂന്ന് പേരും ജൂണ്‍ 2, ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. വയനാട്ടിലേക്കാണ് ഇവര്‍ പാസ് എടുത്തത് എന്നാണ് വിവരം. എന്നാല്‍ മൂന്ന് പേരും വയനാട്ടിലേക്ക് പോയിട്ടില്ല. കോഴിക്കോട് വരെയേ ഇവര്‍ എത്തിയിട്ടുള്ളു.

കെ സുരേന്ദ്രന്റെ വീട്ടില്‍?
കോഴിക്കോടെത്തിയ മൂന്ന് പേരും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വീട്ടിലേക്ക് പോയി എന്നും വിവരമുണ്ട്. പ്രത്യേക സാഹചര്യത്തില്‍ കെ സുരേന്ദ്രന്‍ ഇവരെ വിൡച്ചുവരുത്തുകയായിരുന്നു എന്നാണ് സൂചന. വിവി രാജേഷ്, നാളെ തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു പോകാനും പാസ് എടുത്തിട്ടുണ്ട്.

രണ്ടാം നിര നേതാക്കള്‍
ബിജെപിയുടെ മുന്‍നിര നേതാക്കളല്ല ഈ മൂന്ന് പേരും എന്നതും ഈ സാഹചര്യത്തില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ കുഴല്‍പണ/ കള്ളപ്പണ ഇടപാടില്‍ ആരോപണ വിധേയനായി നില്‍ക്കുമ്പോള്‍ എന്തിനാണ് അടിയന്തരമായി ഇവര്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്തിയത് എന്നതും സംശയം ജനിപ്പിക്കുന്നു. വിവി രാജേഷിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് നേരത്തേ തന്നെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും ഉണ്ട്.

നാളെ നിര്‍ണായക ദിനം?
കുഴല്‍പണ കേസില്‍ ജൂണ്‍ 3 ന് ചില നിര്‍ണായക നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണോ അടിയന്തര സന്ദര്‍ശനം എന്ന് വ്യക്തമല്ല. ബിജെപിയ്ക്കുള്ളില്‍ പണമിടപാടുകള്‍ സംബന്ധിച്ച് വേറേയും ചില സംഭവങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

സികെ ജാനു വിവാദം
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവായ സികെ ജാനുവിന് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ കൈമാറി എന്ന വെളിപ്പെടുത്തലും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ജാനുവിന്റെ പാര്‍ട്ടിയുടെ ട്രഷറര്‍ ആയ പ്രസീത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications