തിരുവാങ്കുളത്ത് നിന്ന് മൂന്ന് വയസുകാരിയെ കാണാനില്ല; കാണാതായത് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് നിന്ന് മൂന്ന് വയസുകാരിയെ കാണാതായി. അംഗന്‍വാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. അമ്മ ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തിയാണ്.
അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ തിരച്ചില്‍ നടത്തുകയാണ്. ഇവിടെ നിന്ന് പുഴയിലേക്ക് കുഞ്ഞിനെ എറിഞ്ഞു എന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂബാ ടീമും ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസുമെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്

കുട്ടിയുടെ വീടിന്റെ 800 മീറ്റര്‍ അപ്പുറത്താണ് അംഗനവാടി ഉള്ളത്. അംഗനവാടിയിലേക്ക് കുട്ടിയെ സ്ഥിരമായി കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ട് വരുന്നതും അമ്മയാണ്. ഇന്നും പതിവ് പോലെ അമ്മയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് വരാനായി പോയത്. അംഗനവാടിയില്‍ നിന്ന് കുഞ്ഞിനെ കൂട്ടിയ ശേഷം അമ്മ ഓട്ടോയില്‍ കയറുകയും അതിന് ശേഷം ബസില്‍ കയറി പോയി എന്നുമാണ് പറയുന്നത്.
ഓട്ടോ ഡ്രൈവര്‍ വീട്ടുകാര്‍ അറിയുന്ന ആള്‍ തന്നെയാണ്. അമ്മയ്ക്ക് ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ തന്നെ പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ല എന്നത് വെല്ലുവിളിയാണ്. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. തിരുവാങ്കുളത്തിനും കുറുവശ്ശേരിക്കും ഇടയില്‍ വെച്ചാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കുട്ടിയും അമ്മയും നടന്ന് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം കുഞ്ഞിനെ കാണാതായതില്‍ കുടുംബപ്രശ്‌നമുണ്ട് എന്നാണ് തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിആര്‍ പ്രകാശന്‍ പറയുന്നത്. കുട്ടിയുടെ വീട്ടില്‍ മാസങ്ങള്‍ക്ക് മുന്‍പ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും അതിന്റെ ഭാഗമായിട്ട് കുട്ടിയും അമ്മയും അമ്മയുടെ വീട്ടില്‍ ആയിരുന്നു എന്നും പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ പ്രകാശന്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്
'കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹം കഴിച്ച വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഈ കുട്ടിയുടെ അച്ഛന്‍ ആശുപത്രി ആവശ്യാര്‍ത്ഥം കോലഞ്ചേരിയില്‍ പോയിരിക്കുന്ന സമയത്താണ് ഈ കുട്ടിയെ അംഗനവാടിയില്‍ നിന്ന് വിളിച്ച് കൊണ്ടുവരുന്നത്. കുട്ടിയെ കാണാതെ വന്നപ്പോള്‍ അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയേയും കാണാതാകുന്നത്. അവിടത്തെ വാര്‍ഡ് മെമ്പര്‍ ബീന ഈ സ്ത്രീയുടെ അമ്മയെ ഫോണില്‍ വിളിച്ച് ചോദിക്കുകയായിരുന്നു.
ആദ്യം എവിടേക്കാണ് പോയത് എന്ന് അറിയില്ല എന്നാണ് ഈ അമ്മ പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് ആലുവ വരെ കൂടെയുണ്ടായിരുന്നു എന്ന് പറഞ്ഞത്. കുട്ടിയെ കാണാതായ ഉടനെ പൊലീസില്‍ പരാതിപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല. അമ്മയ്ക്കറിയാം കുട്ടി എവിടെയാണ് എന്നുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്,' അദ്ദേഹം പറയുന്നു.












Click it and Unblock the Notifications