കാഞ്ഞങ്ങാട് വീണ്ടും ഞെട്ടി, 3 വയസ്സുകാരനെ അച്ഛന്‍ ചിരവ കൊണ്ട് അടിച്ചുകൊന്നു!
കാഞ്ഞങ്ങാട്: കല്യോട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് വെട്ടിക്കൊന്നിട്ട് രണ്ടാഴ്ച പോലും തികഞ്ഞില്ല, ഇതാ വീണ്ടും സമാനമായ മറ്റൊരു വാര്‍ത്ത. പാണത്തൂര്‍ മൈലാട്ടിയില്‍ മൂന്ന് വയസ്സുകാരെ അച്ഛന്‍ ചിരവ കൊണ്ട് അടിച്ചുകൊന്ന സംഭവമാണ് നാട്ടുകാരെ ഞെട്ടിച്ചിരിക്കുന്നത്. രാഹുല്‍ എന്ന കുട്ടിയാണ് പിതാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് മൈലാട്ടി സ്വദേശി രാജു മകന്‍ രാഹുലിനെ ആക്രമിച്ചത്. കഴുത്ത് ഞെരിച്ചും ചിരവ കൊണ്ട് കഴുത്തിന് കുത്തിയുമാണ് ഇയാള്‍ രാഹുലിനെ ഉപദ്രവിച്ചത്. രാജുവിന് മാനസിക വിഭ്രാന്തിയുള്ളതായി നാട്ടുകാര്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ അമ്മ മരിച്ചിരുന്നു. മരിച്ചുപോയ അമ്മ വീട്ടില്‍ വന്നു എന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി ഇയാള്‍ ബഹളം കൂട്ടുകയായിരുന്നത്രെ.

എല്ലാവരും ഓടി രക്ഷപ്പെടണം എന്ന് പറഞ്ഞ് ബഹളം വെക്കുന്നതിനിടെ രാജു കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. രാജുവിന്റെ ഭാര്യ പത്മിനി മറ്റ് കുട്ടികളെയും കൊണ്ട് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും രാജു അടുപ്പിച്ചില്ല. പാണത്തൂര്‍ എയ്ഡ് പോസ്റ്റില്‍ നിന്നും പോലീസ് എത്തിയാണ് കുഞ്ഞിനെ പൂടംകല്ലിലെ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ഇവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.












Click it and Unblock the Notifications