31 ലക്ഷം സ്ത്രീകള്‍ക്ക് വർഷം തോറും സർക്കാർ വക 12000 രൂപ; നിങ്ങള്‍ യോഗ്യയാണോ? എങ്ങനെ അറിയാം
സ്ത്രീ സുരക്ഷാ പദ്ധതി കേരളത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് തോമസ് ഐസക്. 31 ലക്ഷം സ്ത്രീകളാണ് ഇതിന്റെ ഗുണഭോക്താക്കൾ. വർഷംതോറും 12000 രൂപ അവർക്ക് ലഭിക്കുന്നു. ക്ഷേമ പെൻഷൻ വാങ്ങുന്ന സ്ത്രീകളുടെ എണ്ണവുംകൂടി എടുക്കുകയാണെങ്കിൽ ഏതാണ്ട് 65 ലക്ഷം സ്ത്രീകൾക്കാണ് സർക്കാരിൽ നിന്ന് മാസംതോറും ക്ഷേമസഹായം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പള്ളിക്കൽ പഞ്ചായത്തിൽ "സ്ത്രീ സുരക്ഷാ പദ്ധതി"യുടെ അപേക്ഷാഫോറം പൂരിപ്പിച്ച് നൽകുന്നതിന് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. അതിന്റെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ആദ്യ കമന്റിൽ ചെറിയൊരു വീഡിയോയുമുണ്ട്. സിഐടിയുടെ നേതാവ് പി.ബി. ഹർഷകുമാർ ആയിരുന്നു ഉദ്ഘാടകൻ. തിരക്കും ആൾക്കൂട്ടവും വൈകുന്നേരം വരെ തുടർന്നു. ഒരു കാര്യം വ്യക്തമായി. പഞ്ചായത്തിൽ ഒരു ഹെൽപ്പ് ഡെസ്ക് കൊണ്ട് ഒന്നുമാവില്ല. വാർഡുതോറുമോ രണ്ടോ മൂന്നോ വാർഡിനോ ഒന്ന് വീതമെങ്കിലും വേണം.

സ്ത്രീ സുരക്ഷാ പദ്ധതി സ്ത്രീകൾ വീടുകളിൽ ചെയ്യുന്ന വീട്ടുജോലികൾക്കുള്ള അംഗീകാരമാണ്. 35 വയസ് കഴിഞ്ഞ മറ്റ് ക്ഷേമാനുകൂല്യങ്ങൾ ലഭിക്കാത്ത ചുവപ്പ്, മഞ്ഞ് റേഷൻ കാർഡുള്ള വീടുകളിലെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപയ്ക്ക് അർഹതയുണ്ട്. 60 കഴിഞ്ഞാൽ 2000 രൂപ പെൻഷനുമുണ്ട്. ഇന്ത്യാ രാജ്യത്ത് മറ്റെവിടെയും ഇത്തരത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പദ്ധതിയുള്ളതായി അറിവില്ല.
ഇങ്ങനെ ധനസഹായം ചെയ്യുന്നത് സ്ത്രീയുടെ സാമൂഹ്യധർമ്മം സംബന്ധിച്ച പാർട്രിയാക്കൽ മുൻവിധികളെ മഹത്വവൽക്കരിക്കുകയാണോയെന്ന സന്ദേഹം ചിലർക്കുണ്ട്. അത്തരമൊരു ആശങ്ക വേണ്ട. സ്ത്രീകൾക്ക് വീടിനു പുറത്ത് സ്വയംതൊഴിലിലോ വേതനാധിഷ്ഠിത തൊഴിലുകളിലോ ജോലി നൽകുന്നതിനുള്ള ബൃഹത്തായ പരിപാടി കുടുംബശ്രീ - വിജ്ഞാന കേരളം മുൻകൈയിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ഇത് സ്ത്രീകളുടെ ഇരട്ടഭാരമായി മാറാതിരിക്കുന്നതിന് സ്മാർട്ട് കിച്ചൺ, പൊതു അടുക്കള, കുട്ടികളുടെയും വയോജനങ്ങളുടെയും പരിപാലനത്തിൽ സാമൂഹ്യപങ്കാളിത്തം, വീട്ടുജോലികൾ സംബന്ധിച്ച് പുരുഷന്മാർക്ക് പുതുഅവബോധ സൃഷ്ടി തുടങ്ങിയവ ശ്രദ്ധേയമായ നീക്കങ്ങളാണ്. ഇവയോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് പുതിയ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതി. സ്ത്രീകളിൽ ഈ പദ്ധതി എത്രമാത്രം ആവേശം സൃഷ്ടിച്ചിരിക്കുന്നുവെന്നതിനുള്ള സാക്ഷ്യപത്രമാണ് പള്ളിക്കൽ ഹെൽപ്പ് ഡെസ്കിലെ തിരക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെന്‍ഷന്‍ എങ്ങനെ?
സർക്കാർ നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളിലൊന്നും ഗുണഭോക്താക്കളാകാത്ത എഎവൈ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെടുന്ന 35നും 60 നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്കാണ് അപേക്ഷിക്കാനാവുക. ട്രാൻസ് വുമണിനും അർഹതയുണ്ടാകും. സംസ്ഥാനത്ത് സ്ഥിരതമാസം ഉള്ളവരായിരിക്കണം. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഗുണഭോക്താവ് പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്‌താവന നൽകണം.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷ നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ്. അപേക്ഷയോടൊപ്പം ഗുണഭോക്താക്കളുടെ ഐഎഫ്‌എസ്‌സി കോഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ വിവരങ്ങൾ എന്നിവയും നൽകണം. തദ്ദേശ സെക്രട്ടറിമാർ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി തദ്ദേശ സെക്രട്ടറി വഴി സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് കൈമാറും.












Click it and Unblock the Notifications