സെപ്റ്റംബര്‍ 11: അന്ന് ബിന്‍ലാദന്‍, ഇന്ന് സുധീരന്‍...
തിരുവനന്തപുരം: സെപ്റ്റംബര്‍ 11 എന്നത് ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍ ഒന്നാണ്. ഒസാമ ബിന്‍ ലാദന്റെ അല്‍ഖ്വായ്ദ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ദിനം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നടിഞ്ഞ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത് ഗ്രൗണ്ട് സീറോ...
കേരളത്തിലെ മദ്യപരെ സംബന്ധിച്ചും സെപ്റ്റംബര്‍ 11 ഒരു കറുത്ത ദിനമാവുകയാണ്. കേരളത്തിലെ ഫൈവ് സ്റ്റാറുകളല്ലാത്ത എല്ലാ ബാറുകള്‍ക്കും 2014 സെപ്റ്റംബര്‍ 11 വ്യാഴാഴ്ച പൂട്ടുവീഴുകയാണ്. കറുത്ത ദിനമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും എന്നാണ് മദ്യപരുടെ ചോദ്യം.

വ്യാഴാഴ്ച രാത്രി 11 മണിക്കാണ് കേരളത്തിലെ ശേഷിക്കുന്ന 312 ബാറുകള്‍ എന്നെന്നേക്കുമായി അടക്കപ്പെടുക. സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുത്തിട്ടുണ്ടെങ്കിലും എന്ത് സംഭവിക്കുമെന്ന് ഒരു ഉറപ്പും ഇല്ല.
രാത്രി ബാര്‍ അടപ്പിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തും. പിന്നെ സീല്‍ വക്കും. രാത്രി തന്നെ ബാറിന്റെ ബോര്‍ഡുകളും എടുത്ത് മാറ്റും. ഓരോ ബാറിലും ശേഷിക്കുന്ന മദ്യത്തിന്റെ കണക്കെടുക്കും. അടുത്ത ദിവസം തന്നെ ഇതെല്ലാം ബീവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണിലേക്ക് മാറ്റും.
ബാറുകളില്‍ വിദേശ നിര്‍മിത വിദേശ മദ്യവും ഉണ്ട്. അത് ചിലപ്പോള്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് നല്‍കിയേക്കുമെന്നും വിവരമുണ്ട്.
കേരളത്തിലെ മദ്യപര്‍ ഈ ദിനം എങ്ങനെ ഉപയോഗിക്കും എന്നാണ് കാണേണ്ടത്. ഓട്ടോ ടാക്‌സി പണിമുടക്കായത് ബാറുകളുടെ അവസാന ദിവസത്തില്‍ മദ്യപര്‍ക്ക് തിരിച്ചടിയാകുമെന്നാണ് ചില വിരുതന്‍മാരുടെ വിലയിരുത്തല്‍.
2001 സെപ്റ്റംബര്‍ 11 അമേരിക്കക്ക് കറുത്ത ദിനമാക്കിയത് ബിന്‍ ലാദനെങ്കില്‍ കേരളത്തിലെ മദ്യപര്‍ക്ക് സെപ്റ്റംബര്‍ 11 കറുത്ത ദിനമാക്കിയത് വിഎം സുധീരനാണെന്നാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications