മലപ്പുറം ജില്ലയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്; പകര്‍ന്ന വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല
മലപ്പുറം: മലപ്പുറം ജില്ലയിൽ നാല്മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ. കുട്ടി ഇപ്പോള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയ്ക്ക് വൈറസ് ബാധയേല്‍ക്കാനിടയായ സാഹചര്യമെന്തെന്ന് പരിശോധിച്ചുവരികയാണ്. ഹൃദ്‌രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു.
ഏപ്രില്‍ 17 ന് പയ്യനാടുള്ള വീട്ടില്‍വച്ച് ശ്വാസ തടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12 മണിയ്ക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുട്ടിയെ ഏപ്രില്‍ 17 മുതല്‍ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് 21 ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്.
അതേസമയം, കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ 33 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4,126 ആയി. 30 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് 30 പേരും ഐസൊലേഷനിലുള്ളത്. 4,028 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 68 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ ഏഴ് പേരാണ് കോവിഡ് ബാധിതരായി ഐസൊലേഷനില്‍ ചികിത്സയില്‍ തുടരുന്നത്. ആറ് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലു മാസം പ്രായമുള്ള കുട്ടി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. 20 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. ഒരാള്‍ രോഗമുക്തനായ ശേഷം ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു.
കോവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ജില്ലയില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കു നല്‍കിയ 20 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതുവരെ 1,602 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 37 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളതെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications