കെ.എം ഷാജിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത് 48ലക്ഷം; സ്വർണവും വിദേശ കറൻസിയും തിരികെ നൽകി
കണ്ണൂർ; കെഎം ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെ വിവരങ്ങൾ സംബന്ധിച്ച അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. 48 ലക്ഷം രൂപയാണ് കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിൽ നിന്ന് കണ്ടെടുത്തത്. പണവും കണ്ടെത്തിയ 82 രേഖകളും വിജിലന്‍സ് കോടതിക്ക് കൈമാറി.

അതേസമയം ഷാജിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത 50 പവന്‍ സ്വര്‍ണവും വിദേശ കറന്‍സിയും വിജിലന്‍സ് സംഘം തിരികെ നല്‍കി.ഇതിൽ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ടെടുത്ത വിദേശ കറൻസി മക്കളുടെ ശേഖരമാണെന്ന് കെഎം ഷാജി നേരത്തേ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് വിജിലൻസ് എസ്പി ശശിധരന്‍റെ നേതൃത്വത്തിൽ ഏപ്രിൽ 13 നായിരുന്നു ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടിൽ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്ന് വിദേശകറൻസികളും സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം സംഭവത്തിൽ കെഎം ഷാജിയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം.












Click it and Unblock the Notifications