മില്‍മ പാലിന് ഉയര്‍ത്തിയ വിലയില്‍ 5.3 രൂപയും കര്‍ഷകര്‍ക്ക് ലഭ്യമാകും: മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: ക്ഷീരോത്പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തയിലേക്ക് കുതിക്കുകയാണെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഉദ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ക്ഷീര വകുപ്പ് പുതിയ പദ്ധതികള്‍ അവിഷകരിച്ചു വരികയാണന്നും മില്‍മ പാലിന് ഉയര്‍ത്തിയ വിലയില്‍ 5.3 രൂപയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ക്ഷീര സംഗമത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പശുക്കളെ മാത്രം പ്രജനനം ചെയ്യുന്നതിനുള്ള സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്നും തീറ്റപ്പുല്‍കൃഷിക്ക് ഒരേക്കറിന് 16,000 രൂപ സബ്‌സിഡിയായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മന്ത്രി പുരസ്‌കാരം വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ക്ഷീര കര്‍ഷക സെമിനാറും കന്നുകാലി പ്രദര്‍ശനവും സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. കന്യാകുളങ്ങര ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാർ, ക്ഷീര കര്‍ഷകര്‍, സംഘങ്ങള്‍, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അതേസമയം, എല്ലാ കുടുംബങ്ങളെയും നേരിട്ട് സന്ദര്‍ശിച്ച് കൃത്യതയോടെ തയ്യാറാക്കുന്നതാണ് കാര്‍ഷിക സെന്‍സസ് വിവരങ്ങളെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍. അനില്‍. ഭാവിയില്‍ കര്‍ഷകരുടെ മികച്ച ഉന്നമനത്തിനായി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍വേ ഫലങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക സെന്‍സസിന്റെ നെടുമങ്ങാട് താലൂക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക സ്ഥിതവിവരണക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന്റെ പതിനൊന്നാം ഘട്ടമാണ് ആരംഭിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായി വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വേ പൂര്‍ണ്ണമായും പേപ്പര്‍ രഹിതമായി സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് നടപ്പാക്കുന്നത്. പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകൾ നയിച്ചു. പഞ്ചായത്തുകളിലെ എന്യുമറേറ്റർമാർക്കാണ് പരിശീലനം നൽകിയത്.
നെടുമങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യുട്ടി ഡയറക്ടര്‍ ബി. അനീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാർ, മറ്റ് ജനപ്രതിനിധികള്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications