മുല്ലപ്പെരിയാറിലെ 7 ഷട്ടറുകൾ തുറന്നു..ആളയാറിലെ 11 ഷട്ടറുകളും..ജാഗ്രത നിർദ്ദേശം
ഇടുക്കി; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. ജലനിരപ്പ് 141.4 അടിയായതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ ഏഴ് ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.
30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന 7 ഷട്ടറിൽ മൂന്ന് എണ്ണം 60 സെന്റുി മീറ്റർ വീതം ഉയർത്തി ആകെ 3949.10 ഘനയടി ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കിവിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതിനിടെ പാലക്കാട് മഴ ശക്തമായതോടെ ആളിയാർ ഡാമിലെ 11 ഷട്ടറുകളും രാത്രി ഒമ്പതോടെ തുറന്നതായി പറമ്പിക്കുളം -ആളിയാർ സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഷട്ടറുകൾ 12 സെന്റി മീറ്റർ വീതം ഉയർത്തി 4025 ക്യൂസെക്സ് ജലമാണ് തുറന്ന് വിട്ടത്. ആളിയാർ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പുഴയോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
അതിനിടെ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യത.
നവംബർ 25-27 ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അലർട്ട് ഇങ്ങനെ
Recommended Video

25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.
26-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്.
27-11-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications