
നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സീൻ മാറി നൽകി
തൃശ്ശൂർ; നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ മാറി നൽകി.80 കുട്ടികൾക്ക് ആണ് വാക്സിൻ മാറി നൽകിയത് .ശനിയാഴ്ച എത്തിയ 12 നും 1 4നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യ പ്രവർത്തകർ നൽകിയത്.
അതേസമയം 7 വയസിന് മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതിയുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കുട്ടികളുടെ മാതാപിതാക്കളെ കളക്ടർ ഹരിത വി കുമാർ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കൽ കൊളെജ് ആശുപത്രികളിലും ശിശു രോഗവിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും അവർ അറിയിച്ചു.സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സി എം ഒയ്ക്കാണ് അന്വേഷണ ചുമതല.
അതിനിടെ 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച 58,009 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 12,106 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 45,903 കുട്ടികളും വാക്സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 5249 കുട്ടികൾ ആദ്യ ഡോസും 6857 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതൽ 14 വരെ പ്രായമുള്ള 35,887 കുട്ടികൾ ആദ്യ ഡോസും 10,016 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞം മേയ് 28 വരെ തുടരും. 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ എടുക്കാനുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണമെന്ന് മന്ത്രി അറിയിച്ചു.
12 വയസിന് മുകളിലുള്ള കുട്ടികൾക്കായി 801 വാക്സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവർക്കായി 350 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവർക്കായി 289 കേന്ദ്രങ്ങളുമാണ് പ്രവർത്തിച്ചത്. 15 മുതൽ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 54 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 48 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 13 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.