ആദ്യഘട്ടത്തിൽ പരിഷ്‌കരിക്കുന്നത് 80 ടൈറ്റിൽ പാഠപുസ്തകങ്ങൾ: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ 80 ടൈറ്റിൽ പുസ്തകങ്ങൾ പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂലൈ 25 ന് നടന്ന ഹയർസെക്കന്ററി പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ വിവിധ മേഖലകളിൽ നിന്നായി വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഏഴ് ഗ്രൂപ്പുകളിലായി ചർച്ചകളും അവതരണവും നടന്നു. കൂടാതെ പങ്കെടുത്തവർ അവരുടെ അഭിപ്രായങ്ങൾ എഴുതി നൽകുകയും ചെയ്തു.
ആഗസ്റ്റ് 1,2,4,5 തീയതികളിൽ ജില്ലാതല ചർച്ചകൾ സംഘടിപ്പിക്കും. ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ആർ.ഡി.ഡി, എ.ഡി. എന്നിവർ കൺവീനറായ അഞ്ചംഗ സമിതി ചർച്ചകൾക്ക് നേതൃത്വം നൽകും. അക്കാദമികമായി നേതൃത്വം നൽകാൻ എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർമാർക്കും ചുമതല നൽകും. ആഗസ്റ്റ് 18 ന് ആരംഭിച്ച് 2026 മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കുന്ന തരത്തിലാണ് പാഠപുസ്തക രചനാ പ്രവർത്തനങ്ങൾ ക്രമീകരിക്കുക.

ദേശീയ പഠനനേട്ട സർവ്വേയിൽ സംസ്ഥാനം രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്റെ വിജയാഹ്ലാദ ദിനം ജൂലൈ 30 ന് സ്‌കൂളുകളിൽ ആചരിക്കും. ഈ വർഷം എൻ.എസ്.എസ് വോളന്റിയർമാർ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ ഓഡിറ്റ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനം നടപ്പിലാക്കും : മന്ത്രി വി ശിവൻകുട്ടി
നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സെക്രട്ടറിയേറ്റ് പി ആർ ചേംബറിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2025 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതൽ 4 വരെ 198 പ്രവൃത്തി ദിനങ്ങൾ, ക്ലാസ് 5 മുതൽ 7 വരെ 200 പ്രവർത്തിദിനങ്ങൾ, ക്ലാസ്സ് 8 മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങൾ എന്നിങ്ങനെയാണ് 2025-26 വർഷത്തെ അക്കാദമിക് കലണ്ടർ തയ്യാറായത്. എൽ.പി വിഭാഗം സ്‌കൂളുകൾക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും യു.പി വിഭാഗം സ്‌കൂളുകൾക്ക് ആഴ്ചയിൽ ആറു പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തി കൊണ്ടും ഹൈസ്‌കൂൾ വിഭാഗം സ്‌കൂളുകൾക്ക് 6 ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിന് ആയിരത്തി ഒരുന്നൂറ് ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള നൂറ്റി അറുപത്തിയാറ് പ്രവർത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവർത്തിസമയം ഉൾപ്പെടുത്തി പീരീഡ് ക്രമീകരിച്ചിട്ടുള്ളത്.രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ശേഷം 4.15 വരെ യാണ് ഹൈസ്‌കൂൾ വിഭാഗം പുതുക്കിയ സമയക്രമം.












Click it and Unblock the Notifications