ഓടി രക്ഷപ്പെട്ടിട്ടില്ലെന്ന് പിടി തോമസ്;കള്ളപ്പണം പിടികൂടിയ സംഭവത്തിൽ എംഎൽഎയുടെ പങ്ക് അന്വേഷിക്കും
കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ കൈമാറാൻ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് എംഎൽഎ പിടി തോമസിന്റെ പങ്ക് വകുപ്പ് അന്വേഷിക്കും. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇടപ്പള്ളി അഞ്ചുമന ക്ഷത്രത്തിനടുത്തുള്ള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പണം കണ്ടെടുത്തത്. വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ എംഎൽഎ മറ്റൊരു വഴിയിലൂടെ ഇറങ്ങിയോടി എന്നായിരുന്നു റിപ്പോർട്ടുകൾ.
അഞ്ചുമനയിലെ തന്നെ ഭൂമി വിൽപന സംബന്ധിച്ച കരാറിനെ പറ്റി രഹസ്യ വിവരം ലഭിച്ചതോടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. ഉദ്യോഗസ്ഥരെത്തിയപ്പോൾ എംഎൽഎയെ കൂടാതെ വീടിന്റെ ഉടമയായ രാജീവൻ, സ്ഥലം വാങ്ങിയ രാധാകൃഷ്ണൻ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഇയാളാണ് പണം കൊണ്ടുവന്നതെന്നാണ് കണക്കാക്പ്പെടുന്നത്. അതേസമയം ഉദ്യോഗസ്ഥർ എത്തിയതോടെ എംഎൽഎ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് പിടി തോമസ് എംഎൽഎ പ്രതികരിച്ചു.
തന്റെ മുൻ ഡ്രൈവറായ രാധാകൃഷ്ണന്റെ വസ്തു തർക്കവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പോയിരുന്നു. എന്നാൽ കള്ളപ്പണത്തെക്കുറിച്ചോ മറ്റ് ഇടപാടുകളെക്കുറിച്ചോ തനിക്ക് അറിവില്ലെന്നും പിടി തോമസ് പറഞ്ഞതായി ട്വിന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. രാധാകൃഷ്ണന് ഭൂമിത്തർക്കം ഉണ്ടായിരുന്നെന്നും ഇത് പരിഹരിക്കാനാണ് എംഎൽഎ എത്തിയതെന്നും സ്ഥല ഉടമയായ രാജീവും പറഞ്ഞിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.