9 കാരറ്റ് പൊന്നിനും ഇനി ഹാള്‍മാര്‍ക്കിംഗ്; ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വര്‍ണവില
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെ സുപ്രധാന തീരുമാനവുമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ( ബി ഐ എസ് ). ഇപ്പോള്‍ നിലവിലുള്ള 24 കാരറ്റ്, 23 കാരറ്റ്, 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ ഇനി മുതല്‍ 9 കാരറ്റ് സ്വര്‍ണം കൂടി ഹാള്‍മാര്‍ക്കിങ്ങിന്റെ പരിധിയിലേക്ക്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ IS 1417:2016 നിയമം ജൂലൈ 2025 ഭേദഗതി ചെയ്തത് അനുസരിച്ചാണ് 9 കാരറ്റ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്.
.375% സ്വര്‍ണ പരിശുദ്ധിയാണ് 9 കാരറ്റ് സ്വര്‍ണാഭരണങ്ങളില്‍ ഉണ്ടാവുക. അതേസമയം 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയത് സ്വാഗതം ചെയ്യുന്നതായും, സ്വര്‍ണാഭരണ വ്യാപാര - വ്യവസായ മേഖലയില്‍ പുതിയ ചലനങ്ങള്‍ ഉളവാക്കുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

2022 ല്‍ ആണ് ബി ഐ എസ് 24 കാരറ്റ്, 23 കാരറ്റ്, 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നീ ആറ് പരിശുദ്ധി വിഭാഗങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. 99.9% സ്വര്‍ണം അടങ്ങിയതാണ് 24 കെഎഫ്, 23കെഎസില്‍ 99.5% ആണ് സ്വര്‍ണം അടങ്ങിയിരിക്കുന്നത്. ആഭരണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതിനാല്‍ 22 കാരറ്റ് സ്വര്‍ണമാണ് വിപണിയില്‍ വ്യാപകം. സ്വര്‍ണത്തിന്റെ അളവ് 91.6% (916 സ്വര്‍ണം). 20 കാരറ്റില്‍ 83.3%, 18 കാരറ്റില്‍ 75%, 14 കാരറ്റില്‍ 58.5% എന്നിങ്ങനെയാണ് സ്വര്‍ണം അടങ്ങിയിരിക്കുന്നത്.
9 കാരറ്റില്‍ 37.5 ശതമാനം കഴിഞ്ഞാല്‍ ചെമ്പ്, വെള്ളി ഉള്‍പ്പെടെയുള്ള മറ്റ് ലോഹങ്ങളായിരിക്കും. എന്നാല്‍ പരിശുദ്ധി കുറവാണെങ്കിലും ഇതും സ്വര്‍ണം തന്നെയാണ്. സ്വര്‍ണ വില കുതിച്ച് കയറുന്ന കാലത്ത് ഉപഭോക്താക്കള്‍ക്ക് ആഭരണമായി വാങ്ങി അണിയാനും സമ്മാനം നല്‍കാനുമെല്ലാം ഉപയോഗിക്കാം. 22, 18 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 9 കാരറ്റിന് വില വളരെ കുറവായിരിക്കും.
അതേസമയം മറ്റ് ലോഹങ്ങളുടെ അളവും കൂടുതലായിരിക്കുമെന്നതിനാല്‍ 9 കാരറ്റ് സ്വര്‍ണത്തിന് കൂടുതല്‍ കാലം തിളക്കത്തോടെ ഈടുനില്‍ക്കും. ദിവസേന സ്വര്‍ണം അണിയുന്നവര്‍ക്കും പ്രയോജനപ്പെടും. എന്നാല്‍ നിക്ഷേപം, ഭാവിയിലെ സാമ്പത്തികാവശ്യം എന്നീ ലക്ഷ്യത്തോടു കൂടി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 9 കാരറ്റ് ഇനം അനുയോജ്യമല്ല.
സ്വര്‍ണവില വീണ്ടും കൂടി
അതിനിടെ സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വര്‍ണത്തിന് വില കൂടി. രാവിലെ ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയും ആയിരുന്നു കൂടിയിരുന്നു. ഇതോടെ ഗ്രാം സ്വര്‍ണം 9110 ലും പവന്‍ സ്വര്‍ണം 72880 രൂപയിലും ആയിരുന്നു വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 9150 ല്‍ ആണ് ഒരു ഗ്രാം സ്വര്‍ണം വ്യാപാരം നടത്തുന്നത്.
പവന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും 73000 പിന്നിട്ടു. നിലവില്‍ 73200 രൂപയ്ക്കാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഔണ്‍സിന് 3,332 ഡോളര്‍ വരെ താഴ്ന്ന രാജ്യാന്തരവില ഉച്ചയോടെ 3,350 ഡോളറിലേക്ക് ഉയരുകയായിരുന്നു.












Click it and Unblock the Notifications