ക്യാൻസർ ചികിത്സക്കെത്തിയ പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവം; മനുഷ്യത്വം കാണിക്കണമെന്ന് ചെന്നിത്തല
രക്താർബുദത്തിന് ചികിത്സ തേടിയെത്തി, ഒടുവിൽ എയ്ഡ്സ് രോഗിയാകേണ്ടി വന്ന ആ പെൺകുട്ടിയുടെ ദയനീയാവസ്ഥ സർക്കാർ കാണുന്നില്ല.
തിരുവനന്തപുരം: ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ സർക്കാരും ആർസിസിയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെൺകുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തിൽ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിലിട്ട് രക്ഷപ്പെടാനാണ് സർക്കാരും ആർസിസിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രക്താർബുദത്തിന് ചികിത്സ തേടിയെത്തി, ഒടുവിൽ എയ്ഡ്സ് രോഗിയാകേണ്ടി വന്ന ആ പെൺകുട്ടിയുടെ ദയനീയാവസ്ഥ സർക്കാർ കാണുന്നില്ല. പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ചത് തങ്ങളുടെ കുഴപ്പം കൊണ്ടല്ലെന്ന് വരുത്തിതീർക്കാനാണ് ആർസിസി അധികൃതർ ശ്രമിക്കുന്നതെന്നും, ആ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

എച്ച്ഐവി ബാധിച്ച കുട്ടിയ്ക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവം നടന്ന് ഇത്രദിവസമായിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പെണ്‍കുട്ടിക്കും കുടംബത്തിനും സർക്കാർ സാമാന്യനീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർസിസിയിൽ രക്താർബുദത്തിന് ചികിത്സ തേടിയെത്തിയ ആലപ്പുഴ സ്വദേശിനിയായ ഒൻപതു വയസുകാരിക്കാണ് എച്ച്ഐവി ബാധിച്ചത്. എച്ച്ഐവി ബാധിതരിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്നാണ് പെൺകുട്ടിക്കും എയ്‍ഡ്സ് പിടിപ്പെട്ടത്. എന്നാൽ രക്തദാതാവിൽ നിന്നും എച്ച്ഐവി ബാധിച്ച സംഭവത്തിൽ ആർസിസിക്ക് തെറ്റു പറ്റിയിട്ടില്ലെന്നാണ് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.












Click it and Unblock the Notifications