വന്യജീവികളുടെ ആക്രമണത്തിൽ 2024 ൽ കൊല്ലപ്പെട്ടത് 94 പേർ; നിയമം പരിഷ്ക്കരിക്കില്ലെന്ന് കേന്ദ്രം
വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കാൻ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ. എംപി ഹാരീസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി. നിയമത്തില്‍ ഇപ്പോള്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന സർക്കാരിന്റെ വിഷയമാണെന്നും അദ്ദേഹം കേന്ദ്രം അറിയിച്ചു.
വിഷയത്തിൽ കേന്ദ്രം ഇടപടണമെന്ന ആവശ്യം കേരളത്തിൽ നിന്നുള്ള നേതാക്കൾ ആവർത്തിച്ച് ഉയർത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റണമെന്നായിരുന്നു ഡോ വി ശിവദാസ് എംപി ആവശ്യപ്പെട്ടത്. വർധിച്ചു വരുന്ന വന്യജീവി ആക്രമണം ഗുരുതരമായ പ്രശ്നമാണ്. 1991 ൽ ഇന്ത്യയിൽ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 213 ആയിരുന്നു. എന്നാൽ ഇപ്പോൾ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. കഴിഞ്ഞ വർഷം ഇന്ത്യയിൽ ആനകളുടെ ആക്രമണത്തിൽ 606 പേർക്കാണ് ജീവൻ നഷ്ടമായത്. ഒഡീഷയിൽ 154 ഉം ബംഗാളിൽ 99 ഉം അസമിൽ 74 ഉം പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മഹാരാഷ്ട്രയിൽ 82 പേർ കടുവകളാൽ കൊല്ലപ്പെട്ടു. ഇന്ത്യയിൽ, പ്രതിദിനം 30 പേർ മൃഗങ്ങളാൽ കൊല്ലപ്പെടുന്നു. ലോകത്ത്, തന്നെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ഇന്ത്യയിലാണ്. കേരളത്തിൽ, 2024 ൽ, വന്യജീവികളുടെ ആക്രമണത്തിൽ 94 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വയനാട്ടിലെ ബത്തേരി, നൂൽപ്പുഴ, മാനന്തവാടി, കണ്ണൂരിലെ ആറളം ഫാം, ഇരിട്ടി, കൊട്ടിയൂർ, കേളകം, ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മൃഗങ്ങളുടെ ആക്രമണം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആറളം ഫാം എന്ന ഒരൊറ്റ പ്രദേശത്ത്, കഴിഞ്ഞ പത്ത് വർഷത്തിനിടെ 14 ആദിവാസികൾ കൊല്ലപ്പെട്ടു. കേരള സർക്കാർ ജനങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾക്ക് മുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റേണ്ടതുണ്ട്. 1972 ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്നതും ഭേദഗതികളിലൂടെ വാജ്‌പേയി സർക്കാർ ശക്തിപ്പെടുത്തിയതുമായ നിയമം അടിസ്ഥാനപരമായി ജനങ്ങളുടെ അവകാശങ്ങളെ അവഗണിക്കുകയാണ്.
വന്യജീവിസംരക്ഷണനിയമം 'മനുഷ്യനശീകരണനിയമ'മായി മാറിയിരിക്കുന്ന അവസ്ഥയാണ്. ജനങ്ങൾക്ക് കാർഷിക ജോലി ചെയ്യാൻ കഴിയുന്നില്ല. എല്ലാ വർഷവും വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നു. കാട്ടുപന്നികൾ വാഴ, ഇഞ്ചി, മഞ്ഞൾ, മരച്ചീനി, മറ്റ് കിഴങ്ങുവർഗ്ഗ വിളകൾ നശിപ്പിക്കുന്നു. ആനകളുടെയും കടുവകളുടെയും ആക്രമണം ഭയന്ന് ആളുകൾ റബ്ബർ, കാപ്പി, തേയിലത്തോട്ടങ്ങളിൽ ജോലിക്ക് പോകാൻ ഭയപ്പെടുന്നു. കുട്ടികൾ സ്കൂളിൽ പോകാൻ ഭയപ്പെടുന്നു. ആളുകൾക്ക് ആശുപത്രികളിൽ പോകാനും വൈദ്യസഹായം ലഭിക്കാനും കഴിയുന്നില്ല. ഭൂരിപക്ഷം ആക്രമണങ്ങളും കാടിനു പുറത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ആണ് സംഭവിക്കുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പരിഹാസ്യമാണ്. കടുവ നാട്ടിലിറങ്ങിയാൽ ആറ് പേരുടെ കമ്മിറ്റി രൂപീകരിക്കണം എന്നാണ് ചട്ടം .കടുവ ഈ കമ്മിറ്റിയുടെ തീരുമാനത്തിന് കാത്തു നിൽക്കുമോ? വന്യജീവിസംരക്ഷണനിയമം പരിഷ്കരിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം', എംപി പറഞ്ഞു.
എന്നാൽ ഇപ്പോൾ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു കേന്ദ്രം കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിച്ചത്.












Click it and Unblock the Notifications