• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നവകേരളം, സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കുവാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കുവാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 9,530 കിലോ മീറ്റര്‍ റോഡ് ഇതില്‍ ഉള്‍പ്പെടും. പ്രളയകാലത്ത് തകര്‍ന്നുപോയ ആയിരം കിലോമീറ്ററോളം റോഡ്, നൂറിലധികം പാലങ്ങള്‍ ഇതിനകം അറ്റകുറ്റപ്പണി പൂര്‍ത്തികരിച്ചിട്ടുണ്ട്. റോഡ് നവീകരണ പ്രവര്‍ത്തികളും നടക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലയില്‍ കിഫ്ബി പദ്ധതിയിലൂടെ നവീകരിച്ച മണ്ണാറകുളഞ്ഞി-കോഴഞ്ചേരി റോഡിന്റെ ഉദ്ഘാടനവും ഉപദേശിക്കടവ് പാലത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനവും നിര്‍വഹിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' നമ്മുടെ നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണം. ഇത്തരമൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ ഈ രീതിയില്‍ റോഡുകളുടെ വികസനവും നിര്‍മ്മാണവും സാധ്യമാക്കിവരുന്നത്.

മലയോര ഹൈവേ ദിവാസ്വപ്‌നമല്ല. മലയോര ഹൈവേ ആയാലും തീരദേശ ഹൈവേ ആയാലും അത് യഥാര്‍ഥ്യമാക്കുവാനാണ് സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. സാധാരണയായി പണത്തിന്റെ പ്രയാസമാണു വികസനപ്രവര്‍ത്തനങ്ങള്‍ക്കു തടസം. ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നു പണം കണ്ടെത്തുമെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അത്തരത്തിലുള്ള പദ്ധതികളാണു നാമിപ്പോള്‍ മലയോര ഹൈവേ ആയാലും തീരദേശ ഹൈവേ ആയാലും നടപ്പാക്കുന്നത്. 10,000 കോടി രൂപയാണ് ഈ വികസന പദ്ധതികള്‍ക്കുവേണ്ടി ചെലവഴിക്കുന്നത്.

ഇതിനുപുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി രൂപ മുതല്‍മുടക്കിയുള്ള ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും റീ ബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് 392 കോടി രൂപയുടെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും ഉള്‍പ്പെടും. ഈ നിര്‍മ്മാങ്ങളെല്ലാം ആരംഭിച്ചുകഴിഞ്ഞതാണ്. 1,783 കോടി രൂപയാണ് പ്രളയകാലത്ത് മാത്രം തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിന് ഉപയോഗപ്പെടുത്തിയത്. നബാര്‍ഡിന്റെ സഹായത്തോടെ 950 കോടി രൂപ ചിലവഴിച്ചുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. നാം ലക്ഷ്യമിട്ട വികസന പദ്ധതികള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകുവാനാണു സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതില്‍ റോഡുണ്ട്, പാലങ്ങള്‍ ഉണ്ട്. ഇതോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതികള്‍ക്കും ഭക്ഷ്യാ ഉല്പാദനം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ക്കും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട്, അടിസ്ഥാന സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്ക് മനോഹരമായ കെട്ടിടങ്ങള്‍, ജലസ്രോതസുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, റോഡുകളുടെ നിര്‍മ്മാണം, മാലിന്യസംസ്‌ക്കരണ പദ്ധതികള്‍, നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനും കാര്‍ഷിക ഉദ്പാദനം വര്‍ധിപ്പിക്കുവാനും ലക്ഷ്യമിടുന്ന പദ്ധതിയായ സുഭിക്ഷ കേരളം,100 ദിനകര്‍മ്മ പരിപാടി, ഇതുപോലുള്ള വിവിധ പരിപാടികള്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ വരുംദിവസങ്ങളില്‍ തങ്ങിനില്‍ക്കുവാനാണ് പോകുന്നത്. സംസ്ഥാനത്ത് 1451 കോടി രൂപ മുതല്‍മുടക്കി കിഫ്ബിയുടെ സഹായത്തോടെ 189 റോഡുകള്‍ നിര്‍മ്മിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ ഈ റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും.

152 കി.മീറ്റര്‍ കെഎസ്ടിപി റോഡുകള്‍, കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ 21 പാലങ്ങള്‍ 671 കോടി രൂപമുതല്‍മുടക്കുള്ള 41 കിഫ്ബി പദ്ധതികള്‍ എന്നിവയുടെ എല്ലാം നിര്‍മ്മാണം അടുത്തുതന്നെ പൂര്‍ത്തിയാക്കും. കോവളം-ബേക്കല്‍ ജലപാതയും ഉടന്‍ ഗതാഗതയോഗ്യമാക്കുവാന്‍ കഴിയും. ഇങ്ങനെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്കും നമ്മുടെ സംസ്ഥാനത്ത് ഈ പദ്ധതികള്‍ ഇടയാക്കും. 100 ദിന പരിപാടിയുടെ ഭാഗമായും വലിയ മാറ്റങ്ങളാണ് ഉണ്ടാകുവാന്‍ പോകുന്നത്.

വികസന കാര്യത്തില്‍ മാത്രമല്ല ക്ഷേമപ്രവര്‍ത്തനങ്ങളിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സുഭിക്ഷകേരളം, ഭക്ഷ്യകിറ്റുകളുടെ വിതരണം, കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം, ക്ഷേമപെന്‍ഷനുകളുടെ വിതരണം എന്നിവയെല്ലാം പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ വികസനത്തിനും സേവനത്തിലും പുതിയ മാതൃകകള്‍ തീര്‍ത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നേറുന്നത്. സര്‍ക്കാരിന് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ജനങ്ങളുടെ ഒരുമയും ഐക്യവും കൊണ്ടാണ്. പൂര്‍ണ്ണ സഹകരണം ഇനിയും തുടരണം.

English summary
98 percentage of road in the state completed repair works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X