എക്‌സൈസിന് ഇനി 9 എംഎം പിസ്റ്റളും; 40 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചെന്ന് മന്ത്രി എംവി ഗോവിന്ദന്‍
തിരുവനന്തപുരം : എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്പെക്ടര്‍മാര്‍ മുതലുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എം എം പിസ്റ്റള്‍ വാങ്ങുമെന്ന് തദ്ദേശ സ്വയംഭരണ , എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.
നിലവില്‍ എക്സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന .32എം.എം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9 എം എം പിസ്റ്റള്‍ ഓട്ടോ വാങ്ങാനുള്ള ശുപാര്‍ശയില്‍ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി .

നേരത്തെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ .32എം.എം മോഡല്‍ പിസ്റ്റള്‍ മാത്രമാണ് ലഭ്യമായിരുന്നത്. അതിനാലാണ് എക്സൈസ് വകുപ്പ് ആ മോഡല്‍ പിസ്റ്റള്‍ വാങ്ങിയത്. ഇഷാപുരിലെ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിലവില്‍ 9എം.എം പിസ്റ്റള്‍ ഓട്ടോ ലഭ്യമാണ്. ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിനോടും ഇഷാപുര്‍ ഓര്‍ഡന്‍സ് ഫാക്ടറിയോടും ഈ പിസ്റ്റളുകള്‍ വാങ്ങാനുള്ള പെര്‍ഫോമ ഇന്‍വോയിസ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു .
ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡിലും ഓര്‍ഡന്‍സ് ഫാക്ടറിയിലും സമര്‍പ്പിക്കുന്നതിനായി, 9എം.എം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്സൈസ് വകുപ്പിന് 9എം.എം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു .
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2021-22 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സമയബന്ധിതമായി നിര്‍വഹണം പൂര്‍ത്തിയാക്കുന്നതിനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്ഥിരംസമിതികള്‍ ഊര്‍ജ്ജിതമാവണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു .
2021-22 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരംസമിതികള്‍ ഊര്‍ജ്ജിതമാവണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും മോണിറ്ററിംഗിലും സ്ഥിരംസമിതികള്‍ക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും ഫലപ്രദമായി ഇടപെടാനും പദ്ധതികളുടെ ഗുണമേന്‍മ ഉറപ്പുവരുത്താനും സ്ഥിരംസമിതികള്‍ക്ക് സാധിക്കണം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കുന്ന നല്ല പദ്ധതി മാതൃകയാക്കി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ നടപ്പിലാക്കാനും ജില്ലകള്‍ക്ക് ആവശ്യമായ സംയുക്ത പദ്ധതികള്‍ രൂപീകരിക്കാനുമൊക്കെ സ്ഥിരം സമിതികളുടെ ഇടപെടല്‍ ഗുണകരമാവുമെന്ന് മന്ത്രി പറഞ്ഞു .
വയനാട് ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്ഥിരംസമിതി അധ്യക്ഷന്‍മാരുടെ യോഗം വിവിധ തലങ്ങളിലായി വിളിച്ച് ചേര്‍ത്തതിലൂടെ മികച്ച ഗുണഫലമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്. സ്ഥിരം സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിംഗ് ചെയ്യുന്നതിന് ജില്ലാ ആസൂത്രണ സമിതികള്‍ക്ക് ഫലപ്രദമായി സാധിക്കുമെന്നതിന് വയനാട് മോഡല്‍ തെളിവാണ്. മറ്റുള്ള ജില്ലകളും ഈ മാതൃക പിന്തുടണമെന്ന് മന്ത്രി നിര്‍ദേശിച്ചു .
സംസ്ഥാന തലത്തില്‍ വകുപ്പ് അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് നിര്‍വഹണ പുരോഗതി വിലയിരുത്തുന്നത് കൂടാതെ, തദ്ദേശ - ജില്ലാ ആസൂത്രണ സമിതികളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗങ്ങള്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ബ്ലോക്ക്, നഗരസഭ, ജില്ലാ അടിസ്ഥാനത്തില്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു . സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവലോകന യോഗങ്ങള്‍ ജില്ലാ ആസൂത്രണ സമിതികളുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തുകൊണ്ടിരിക്കയാണ്. ഇതിലൂടെ പദ്ധതി നിര്‍വ്വഹണ പ്രക്രിയയെ ത്വരിതപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു .












Click it and Unblock the Notifications