'മോദിയെ വേട്ടയാടിയവർക്കുള്ള പ്രഹരം; ഭിന്ന വിധിയിൽ ആടിനെ പട്ടിയാക്കുന്നവർക്ക് നല്ല നമസ്കാരം'; മുരളീധരൻ
ദില്ലി: നോട്ടു നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി ഉത്തരവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഭിന്നവിധിയിലെ വാചകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആടിനെ പട്ടിയാക്കാന്‍ വീണ്ടും ശ്രമിക്കുന്നവര്‍ക്ക് നല്ല നമസ്കാരമെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്‍റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി.സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു.സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടു.
കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്ക്കെതിരായ പോരാട്ടമെന്ന് പരമോന്നത കോടതി അടിവരയിടുന്നു റിസര്‍വ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളി...
ഭിന്നവിധിയിലെ വാചകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആടിനെ പട്ടിയാക്കാന്‍ വീണ്ടും ശ്രമിക്കുന്നവര്‍ക്ക് നല്ല നമസ്കാരം !', അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
ബിജെപി നേതാവ് സന്ദീപ് വാര്യരും വിഷയത്തിൽ പ്രതികരിച്ച് കുറിപ്പ് പങ്കിട്ടിട്ടുണ്ട്. വായിക്കാം- 'മഴയത്ത് കോട്ടിട്ട് കുളിക്കുന്ന സാമ്പത്തിക വിദഗ്ദനും ആവശ്യത്തിന് നോട്ടടിച്ച് വിതരണം ചെയ്യാനുപദേശിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും തിരിച്ചടി . നോട്ട് നിരോധനം സുപ്രീം കോടതി ശരി വച്ചിരിക്കുന്നു .
ഇന്ത്യയിൽ നോട്ട് നിരോധനം വന്നപ്പോൾ ആദ്യം ആത്മഹത്യ ചെയ്തത് പാകിസ്ഥാനിലെ കള്ള നോട്ട് മാഫിയാ തലവനായിരുന്നു . ഹൃദയം തകർന്നത് ഇന്ത്യയിലെ കള്ളപ്പണക്കാരുടേതായിരുന്നു . ഇന്ത്യയിലെ സാധാരണ പൗരൻ രാജ്യം തീരുമാനിച്ച കാര്യം വിജയിപ്പിക്കാൻ പൂർണമായും സഹകരിച്ചു . പ്രതിപക്ഷം ആഗ്രഹിച്ചത് പോലെ ഒരു കലാപമോ അക്രമമോ ഇതിന്റെ പേരിൽ അരങ്ങേറിയില്ല . ഡിജിറ്റൽ ഇടപാടുകൾ സാർവത്രികമായി . ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇക്കോണമി ആയി ഇന്ത്യ മാറി . രാജ്യത്തെ ടാക്സ് ബേസ് വർദ്ധിച്ചു . നാട് മുന്നേറി .
ഇപ്പോൾ എല്ലാ കള്ള പ്രചാരണങ്ങളെയും തകർത്ത് സുപ്രീം കോടതി വിധിയും വന്നു . നന്ദി മോദി ജി . യുപിഎ സർക്കാരുകൾ കള്ളപ്പണം കൊണ്ടും അഴിമതി കൊണ്ടും തകർത്ത നാടിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിച്ച ആ ധീരമായ തീരുമാനമെടുത്തതിന് '.












Click it and Unblock the Notifications