ഫറോക്ക് പാലത്തില്‍ നിന്നും ദമ്പതികള്‍ പുഴയിലേക്ക് ചാടി: ഭാര്യയെ രക്ഷിച്ചു, ഭർത്താവിനായി തിരച്ചില്‍
കോഴിക്കോട്: ഫറോക്ക് പാലത്തില്‍ നിന്നും ദമ്പതികള്‍ ചാലിയാർ പുഴയിലേക്ക് ചാടി. ഭാര്യയെ രക്ഷപ്പെടുത്തിയെങ്കിലും ഭർത്താവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ഫറോക്ക് പുതിയ പാലത്തിൽനിന്ന് ചാലിയാറിലേക്ക് ചാടിയത്. രാവിലെ 10.30 -ഓടെയായിരുന്നു സംഭവം. രക്ഷപ്പെടുത്തിയ വർഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആറു മാസം മുൻപായിരുന്നു ജിതിനും വർഷയും തമ്മിലുള്ള റജിസ്റ്റർ വിവാഹമെന്നാണ് റിപ്പോർട്ട്. ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. വർഷയും ജിതിനും പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു. ഉടന്‍ തന്നെ വാഹനം നിർത്തി അദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ച് നിന്നാണ് വർഷ രക്ഷപ്പെട്ടത്. കയറില്‍പ്പിടിച്ച് പാലത്തിന്റെ തൂണിനോട് ചേർന്ന് നിന്ന യുവതിയെ പുഴയിലുണ്ടായിരുന്ന തോണിക്കാരെത്തി കരയ്ക്കെത്തിച്ചു.

ഒഴുക്ക് അധികമുള്ള സ്ഥലത്തേക്കായിരുന്നു ജിതിന്‍ ചാടിയത്. അതുകൊണ്ട് തന്നെ കയറില്‍ പിടിക്കാന്‍ അദ്ദേഹത്തന് സാധിച്ചില്ല. നാട്ടുകാർ നോക്കി നില്‍ക്കെ ജിതിന്‍ പുഴയില്‍ മുങ്ങിത്താണു. വിവരം അറിഞ്ഞതിനെ തുടർന്ന് ഫറോക്ക് പൊലീസും സ്ഥലത്തെത്തിയിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കൾ അറിയിച്ചതായി ഫറോക്ക് എസിപി എഎം സിദ്ദിഖ് വ്യക്തമാക്കി.
ജിതിനും വർഷയും ഫറോക്കില്‍ എങ്ങനെ എത്തി എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. അതോടൊപ്പം തന്നെ ജിതിനായുള്ള തിരച്ചിലും തുടരുന്നു. കോസ്റ്റല്‍ പൊലീസ്, ഫയർഫോഴ്സ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.












Click it and Unblock the Notifications