കേരളതീരത്ത് തീപിടിച്ച കപ്പൽ ചെരിയുന്നു, 157 കണ്ടെയ്നറുകളിലായുളളത് കൊടുംവിഷം, ആശങ്ക
കൊച്ചി: കേരള തീരത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംവി വാന്‍ഹായ് 503 എന്ന കപ്പലില്‍ തീ പടരുന്നു. നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല എന്നത് ആശങ്ക ഉയര്‍ത്തുന്നു. നിലവില്‍ കപ്പലിലെ കണ്ടെയ്‌നറുകളാണ് കത്തുന്നത് എന്നാണ് വിവരം. തീ ഡെക്കിനുളളിലേക്ക് കടന്നിട്ടില്ല.
അതേസമയം കപ്പല്‍ 15 ഡിഗ്രി ചെരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ ഇപ്പോള്‍ കടലിലേക്ക് പതിച്ചിരിക്കുകയാണ്. പൊട്ടിത്തെറിക്കാന്‍ സാധ്യതയുളള വസ്തുക്കള്‍ ഈ കണ്ടെയ്‌നറുകളിലുണ്ട് എന്ന് സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കണ്ടെയ്‌നറുകളിലെ വസ്തുക്കളുടെ പട്ടിക സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. അപകടകരമായ രാസവസ്തുക്കള്‍ 157 കണ്ടെയ്നറുകളിലായി ഈ കപ്പലിലുണ്ട് എന്നാണ് ഈ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.

27 പേജുളള പട്ടികയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. 15 ടണ്‍ ബെന്‍സോഫിനോണ്‍, 11 ടണ്‍ നൈട്രോസെല്ലുലോസ്, 17 ടണ്‍ തീ പിടിക്കാവുന്ന റെസിന്‍, 61 കാറ്റഗറിയില്‍പ്പെടുന്ന കീടനാശിനികള്‍, 26 ടണ്‍ ട്രൈക്ലോറോബെന്‍സിന്‍, 22 ടണ്‍ ട്രൈതൈലിടെട്രാമൈന്‍, 24 ടണ്‍ ഡയാസിറ്റോണ്‍ ആല്‍ക്കഹോള്‍, 167 പെട്ടി ലിഥിയം ബാറ്ററിക* 17 ടണ്‍ പെയിന്റ് അടക്കമുളളവയാണ് കപ്പലിലുളളത്. 40 കണ്ടെയ്‌നറുകളിലായിട്ടാണ് തീപിടിക്കുന്ന ദ്രാവകങ്ങള്‍ ഉളളത്. പരിസ്ഥിതിക്കും ജനജീവിതത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കെല്‍പ്പുളളവയാണ് ഈ വസ്തുക്കള്‍.
— Indian Coast Guard (@IndiaCoastGuard) June 10, 2025
തിങ്കളാഴ്ച രാവിലെയാണ് മുംബൈയിലേക്കുളള യാത്രയ്ക്കിടെ കപ്പലില്‍ ആദ്യത്തെ പൊട്ടിത്തെറി സംഭവിച്ചത്. തീപിടിച്ചതോടെ കപ്പിലില്‍ ഉണ്ടായിരുന്ന 18 പേര്‍ കടലിലേക്ക് എടുത്ത് ചാടി. കപ്പലില്‍ ആകെ 22 പേര്‍ ആയിരുന്നു ഉണ്ടായിരുന്നത്. 12 പേര്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. 6 പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. തായ്‌ലന്‍ഡ് കമ്പനിയുടേതാണ് ഈ കപ്പല്‍. തായ്‌ലന്‍ഡ്, ചൈന, ഇന്തോനേഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കപ്പലില്‍ നിന്നും കടലിലേക്ക് വീണ കണ്ടെയ്‌നറുകള്‍ കൊച്ചിക്കും കോഴിക്കോടിനും ഇടയിലുളള കേരള തീരത്തേക്ക് എത്താനുളള സാധ്യത ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അപകടകരമായ രാസവസ്തുക്കളും തീപിടിച്ച് പൊട്ടിത്തെറിക്കാന്‍ സാധ്യതയുളള വസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ട് എന്നത് അപകടമായ സാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല കപ്പലില്‍ ഡീസല്‍ ഓയിലും കപ്പല്‍ ഓയിലുമടക്കം 2240 ടണ്‍ ഓയിലും ഉണ്ടെന്നതും ആശങ്കയേറ്റുന്നു. ഇതുവരേയ്ക്കും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇന്ധനത്തിന്റെ ഭാഗത്തേക്ക് തീപടരുന്നത് ആശങ്കയേറ്റുന്നു.












Click it and Unblock the Notifications