ബിസ്ക്കറ്റ് തരാമെന്ന് പറഞ്ഞ് അഞ്ചുമാസമുള്ള കുഞ്ഞിനെ തട്ടിയെടുത്തു; ഞെട്ടിപ്പിക്കുന്ന സംഭവം പൊള്ളാച്ചിയിൽ
പാലക്കാട് : പൊള്ളാച്ചി ആനൈമലയിൽ അഞ്ചു മാസം മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കാറിലെത്തിയ സംഘമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിൻ്റെ മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.
അതേസമയം, കേരള രജിസ്ട്രേഷൻ കാറിലെത്തിയവരാണ് സംഭവത്തിന് പിന്നിലെന്നും അവർ മലയാളികളാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ബിസ്ക്കറ്റിന് പണം നൽകാമെന്ന് പറഞ്ഞാണ് കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലടക്കം തമിഴ്നാട് പൊലീസ് അന്വേഷണം ശക്തമാക്കി.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പാലക്കാട് പൊള്ളാച്ചിക്കടുത്ത് ആനൈമലയിലാണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിൻ്റെ തട്ടികൊണ്ടുപോയത്. കേരള രജിസ്ട്രേഷൻ കാറിലെത്തിയ സംഘം ബിസ്ക്കറ്റിന് പണം നൽകാമെന്ന് പറഞ്ഞ ശേഷം ഇവരുടെ അടുക്കലെത്തിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്.
കുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ഇവർ മലയാളം സംസാരിച്ചിരുന്നതായും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. അതേസമയം, കാറിലെത്തിയവരെക്കുറിച്ച് നിലവിൽ സൂചനയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകൾ അടക്കം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ തന്നെ ശക്തമായ പരിശോധന പൊലീസ് നടത്തിവരുന്നുണ്ട്. കൂടാതെ പ്രദേശത്തുള്ള സിസിടിവി ക്യാമറകളിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കുകയാണ്. ഇവർ ഏതു ഭാഗത്തേക്കാണ് വാഹനമോടിച്ച് പോയതെന്ന് സിസിടിവിയിൽ നിന്ന് മനസ്സിലാക്കാനാകും.
പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി കുഞ്ഞിനെ എത്രയും വേഗം രക്ഷിക്കാനാണ് പൊലീസ് ശ്രമം. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാറിലെത്തിയ സംഘത്തെ പിടികൂടി ചോദ്യം ചെയ്തതിനു ശേഷം മാത്രമേ പറയാനാകൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നിൽ വമ്പൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നതടക്കം വിശദമായി പരിശോധിക്കും. സംഭവത്തെ തുടർന്ന് പ്രതികൾ രക്ഷപ്പെടാതിരിക്കാൻ അതിർത്തി ചെക്ക്പോസ്റ്റുകളിൽ തമിഴ്നാട് പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications