മദ്യനയത്തില്‍ അത്ഭുതപ്പെടുത്തുന്ന പരിഹാരമാണുണ്ടായതെന്ന് ആന്റണി
തിരുവനന്തപുരം: മദ്യനയത്തെ ചൊല്ലി പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുണ്ടായ ഭിന്നത നാശത്തിന് വഴിവെക്കുന്നതിനു മുന്‍പ് അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പരിഹാരമാണ് കണ്ടെത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യനയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആളിക്കത്തിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ പ്രശ്‌ന പരിഹാരത്തിലൂടെ വലിയൊരു വിപത്താണ് ഒഴിവായതെന്നും എകെ ആന്റണി പറഞ്ഞു. ഇതില്‍ പാഠമുള്‍കൊണ്ട് വേണം ഇനി ഓരോത്തരുടേയും പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്കു പ്രശ്‌നങ്ങള്‍ കൊണ്ടെത്തിക്കാതെ പരിഹരിക്കാന്‍ കഴിയുന്നതിലാണ് വിജയമെന്നും ആന്റണി പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും എന്നും ഒന്നിച്ചു പോകണമെന്നും ആന്റണി ആവശ്യപ്പെട്ടു.
എന്നാല്‍ മദ്യനയത്തില്‍ തനിക്കും പാര്‍ട്ടിക്കും അഭിപ്രായവ്യത്യാസമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ വ്യക്തമാക്കിയത്. പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാകുമെന്ന് വി.എം സുധീരനും പറഞ്ഞു.












Click it and Unblock the Notifications