'കയ്യിൽ പണമില്ല, തൂമ്പാപണിക്ക് പോകാൻ മൂന്ന് ദിവസം അവധി വേണം'; വൈറലായി കെഎസ്ആർടിസി ഡ്രൈവറുടെ കത്ത്
ചാലക്കുടി: ഒരു കെഎസ്ആർടിസി ഡ്രൈവർ അവധി ചോദിച്ച് എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അവധി ചോദിക്കുന്നത് വളരെ സാധാരണമല്ലേ, വൈറൽ ആവാൻ മാത്രം കാരണം എന്താണ് എന്നാവും നിങ്ങളുടെ സംശയം, വിശദമായി തന്നെ അറിയാം.
ശമ്പളം ലഭിക്കാത്തതിനാൽ മൂന്ന് ദിവസം കൂലിപ്പണിക്ക് പോകാൻ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്ആർടിസി ഡ്രൈവർ കത്തെഴുതിയത്. ചാലക്കുടി ഡിപ്പോയിലെ അജുവാണ് കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് മേലുദ്യോഗസ്ഥന് കത്ത് നൽകിയത്. തൂമ്പാ പണിക്ക് പോകാൻ അവധി വേണമെന്നായിരുന്ന ആവശ്യം.

അതേസമയം ഇങ്ങനൊരു കത്ത് ലഭിച്ചിട്ടില്ലെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. എന്നാൽ കത്തെഴുതി കെഎസ്ആർടിസി ഓഫീസിൽ നൽകിയെങ്കിലും പ്രശ്നം ആവുമോ എന്ന പേടി കാരണം തിരികെ വാങ്ങി എന്നാണ് ഡ്രൈവർ പറയുന്നത്.
സുഹൃത്തുക്കൾക്ക് അയച്ച കത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടതോടെ സോഷ്യൽമീഡിയയിൽ വൈറൽ ആവുകയായിരുന്നു. കാടുകുറ്റി അന്നനാട് പാമ്പുത്തറ സ്വദേശിയാണ് അജു.
' സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറയ്ക്കുവാൻ കയ്യിൽ പണവുമില്ല. ആയതിനാൽ വട്ടിച്ചിലവിനുള്ള പണത്തിനായി ഈ വരുന്ന 11,13,14 ബുധൻ, വ്യാഴം, വെള്ളി ദിവസസങ്ങളിൽ തൂമ്പ പണിക്ക് പോകാൻ വേണ്ടി മേൽപ്പറഞ്ഞ ദിവസങ്ങളിൽ അവധി അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുന്നു' എന്നാണ് അജുവിന്റെ കത്തിൽ പറയുന്നത്.
കെഎസ്ആർടിസിയിൽ നിന്നുള്ള ശമ്പളം മുടങ്ങിയതിനാൽ കുട്ടികളുടെ പഠനച്ചെലവും വീട്ടുചെലവും അടക്കമുള്ളവ പ്രയാസത്തിലാണെന്നും വീട്ടിൽ അരിമണി പോലും ഇല്ലാത്ത സ്ഥിതിയാണെന്നുമാണ് അജു പറയുന്നത്.
ബൈക്കിൽ ഇന്ധനം ഇല്ലാത്തതിനാൽ സുഹൃത്തുക്കളുടെ സഹായത്തോടെയും വഴിയിൽ കാണുന്ന വാഹനത്തിൽ കൈകാട്ടി നിർത്തി ലിഫ്റ്റ് ചോദിച്ചെല്ലാമാണ് ദോലിക്ക് എത്തുന്നത് എന്നുമാണ് അജു വ്യക്തമാക്കി. അതേസമയം ഇന്നലെയും ഇന്നും ഡ്യൂട്ടിക്ക് ഹാജരായിഎന്നും ചാലക്കുടി-തലശേരി റൂട്ടിലെ ഡ്രൈവറായ അജു പറഞ്ഞു.
സർക്കാർ നൽകി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആർടിസിയിൽ ശമ്പള വിതരണം നീളാൻ കാരണം. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുൻപായി ആദ്യ ഗഡു നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ജൂണിലെ വേതനം ലഭിച്ചിട്ടില്ല. മൂന്ന് മാസം മുമ്പ് വരെ അമ്പത് കോടി രൂപയാണ് സർക്കാർ സഹായമായി നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഇത് മുപ്പത് കോടിയാക്കി ചുരുക്കുകയായിരുന്നു,












Click it and Unblock the Notifications