'ബാലഭാസ്‌കറിന്റെ മരണത്തില്‍ നിരവധി സംശയങ്ങള്‍', ആദ്യത്തെ അന്വേഷണം ശരിയായിരുന്നില്ലെന്ന് അച്ഛൻ
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. കേസില്‍ നിരവധി ദുരൂഹ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികളായ അര്‍ജുന്‍, ജിഷ്ണു, പ്രകാശന്‍ തമ്പി എന്നിവരുടെ പെരുമാറ്റം സംശയകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ കണ്ടെത്താനും അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് നിരവധി സംശയങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. ബാലഭാസ്‌കറിന്റെ ഫോണ്‍ പ്രകാശന്‍ തമ്പി കൈക്കലാക്കിയത് എന്തിനെന്ന് വ്യക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രകാശന്‍ തമ്പിയുടേയും ജിഷ്ണുവിന്റെയും യാത്രകള്‍ സംശയാസ്പദമാണ്.
അപകടം പറ്റിയ ബാലഭാസ്‌കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും പ്രധാന ഡോക്ടറുടെ അനുവാദം ഇല്ലാതെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയുമായി പ്രകാശന്‍ തമ്പിക്ക് ബന്ധമുണ്ട്. ഇത്തരത്തില്‍ സംശയാസ്പദമായ ഇരുപതോളം സാഹചര്യങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സിബിഐ ആണ് നിലവില്‍ ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്നത്. സിബിഐ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം അപക്വമാണെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെത് അപകടമരണം ആയിരുന്നു എന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യത്തെ അന്വേഷണം ശരിയായിരുന്നില്ലെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി ആരോപിച്ചു.
ഇതില്‍ സാമ്പത്തികമായി പല കാര്യങ്ങളും ഉണ്ടെന്ന് ഉണ്ണി പറയുന്നു. ''വിഷ്ണു ബാലുവിന്റെ കയ്യില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിച്ചിട്ടുണ്ട്. എന്നിട്ട് അവന്‍ തന്നെ സിബിഐക്ക് എഴുതിക്കൊടുത്തു. പക്ഷേ 50 ലക്ഷമൊന്നും അല്ല. അതില്‍ കൂടുതലുണ്ട്. ഇവര്‍ സ്വര്‍ണ്ണക്കടത്തുകാരും കഞ്ചാവുകടത്തുകാരും ഒക്കെ ആണല്ലോ. ആര് എന്തുചെയ്തു എന്ന് നമുക്ക് അറിയില്ല'', ബാലഭാസ്‌കറിന്റെ അച്ഛന്‍ പറഞ്ഞു.
ആദ്യത്തെ അന്വേഷണം ശരിയായിരുന്നില്ല. എന്തോ അതില്‍ സംഭവിച്ചിട്ടുണ്ട്. ഹൈക്കോടതി ബോധ്യമായിട്ടുണ്ട് എന്തോ ഉണ്ടെന്ന്. അതെന്താണെന്ന് കോടതിക്കും കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ലെന്നും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. 2018ലുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരണമടഞ്ഞത്. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ അച്ഛന്റെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.












Click it and Unblock the Notifications