സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികരില്‍ മലയാളിയും; മരിച്ചത് പാലക്കാട് സ്വദേശി
പത്തനംതിട്ട: സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികരില്‍ മലയാളിയും. പാലക്കാട് സ്വദേശി വൈശാഖ് ആണ് മരിച്ചത്. സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 16 പേരാണ് മരിച്ചത്. എട്ട് വര്‍ഷത്തോളമായി വൈശാഖ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. മരണം സംബന്ധിച്ച വിവരം സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെയാണ് സൈനികര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മലയിടുക്കിലെ കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ നാല് സൈനികരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. റോഡ് അപകടത്തില്‍ ഇന്ത്യന്‍ ആര്‍മിയിലെ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായതില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. രാജ്യം അവരുടെ സേവനത്തിനും അര്‍പ്പണത്തിനും എന്നെന്നും കടപ്പെട്ടിരിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണ്. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു- രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications