മകളെ കൊന്ന ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു; കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബം മരിച്ച നിലയില്‍
ബെംഗളൂരു: കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് കുടകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ജീവനക്കാരനാണ് ഇന്നലെ ഉച്ചയോട് കൂടി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് വിനോദും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. വിനോദിനെയും ഭാര്യയും തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ കിടക്കിയില്‍ മരിച്ച നിലയിലും കണ്ടെത്തി. ഇരുവരും മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

മറ്റാരും മരണത്തിന് ഉത്തരവാദിയല്ലെന്ന് പറഞ്ഞ് വിനോദും ജിബിയും എഴുതി ഒപ്പിട്ട ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും. കൊല്ലത്ത് ബിസിനസ് നടത്തുകയായിരുന്നു ദമ്പതിമാര്‍. വെള്ളിയാഴ്ച വൈകുന്നേരമാണ് കുടുംബം റിസോര്‍ട്ടിലെത്തിയത്.
കുറച്ചു നേരം വിശ്രമിച്ച ശേഷം സ്ഥലം കാണാന്‍ മൂവരും ഇറങ്ങിയിരുന്നു. കുടുംബം നല്ല സന്തോഷത്തിലായിരുന്നു എന്നാണ് റിസോര്‍ട്ട് മാനേജര്‍ ആനന്ദ് പ്രതികരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് റിസോര്‍ട്ട് ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ റൂം ഒഴിയാത്തതിനെ തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.












Click it and Unblock the Notifications